തിരുവനന്തപുരം: പോലീസുകാർക്കു നേരെ മഹീന്ദ്ര ഥാർ ഇടിച്ചുകയറ്റി ലഹരിസംഘത്തിന്റെ ആക്രമണം. കഴക്കൂട്ടത്തുണ്ടായ സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപു രാജിന്റെ കൈ ഒടിഞ്ഞു തൂങ്ങി. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
എംഡിഎംഎ കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയത്. ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ എത്തിയ മഹീന്ദ്ര ഥാർ രണ്ട് പോലീസുകാർ തടഞ്ഞു. എന്നാൽ വാഹനം നിർത്തുന്നതിന് പകരം ഡ്രൈവർ പോലീസുകാർക്കു നേരെ ഇടിച്ചുകയറ്റുകയായിരുന്നു. പോലീസുകാരുടെ ബൈക്കിന് മുകളിലൂടെ ഥാർ ഓടിച്ചുകയറ്റി. ഇതിനിടെ ഒരാൾ ചാടി രക്ഷപ്പെട്ടു.
വാഹനത്തിലുണ്ടായിരുന്ന തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് ബാലനഗർ സ്വദേശി രതീഷ്, കാസർകോട് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.