വാഷിങ്ടൺ: ഇറാനിലെ മിനാബ് സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അമേരിക്കൻ നാവികസേനയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ പേരെടുത്ത് ഇറാന്റെ ഭീഷണി. അമേരിക്കൻ യുദ്ധക്കപ്പലായ യു.എസ്.എസ്. സ്പ്രുവാൻസിന്റെ കമാൻഡർ ലെയ് ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ലെഫ്റ്റനന്റ് കമാൻഡർ ജെഫ്രി ഇ. യോർക്ക് എന്നിവർക്കെതിരെയാണ് ഭീഷണി. ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയാണ് ഇരുവരുടെയും ചിത്രങ്ങൾ സഹിതം സമൂഹമാധ്യമമായ എക്സിലൂടെ ഭീഷണി സന്ദേശം പുറത്തുവിട്ടത്.
‘ഈ രണ്ട് കുറ്റവാളികളെയും ഓർക്കുക. മിനാബിലെ സ്കൂളിൽ 168 നിരപരാധികളായ കുട്ടികളെ കൊന്നൊടുക്കിയവരാണിവർ. ഞങ്ങൾ നിങ്ങളെ കണ്ടെത്തും’ എന്നായിരുന്നു ഇറാന്റെ സന്ദേശം. ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഫെബ്രുവരി 28-നാണ് ഇറാനിലെ മിനാബിലുള്ള പ്രൈമറി സ്കൂളിന് നേരെ അമേരിക്കൻ സേന ടോമാഹോക്ക് മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 168-ഓളം കുട്ടികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഇറാനെതിരായ സൈനിക നീക്കത്തിൽ പങ്കെടുത്തശേഷം 357 ദിവസത്തെ സേവനം പൂർത്തിയാക്കിയ ഇരുവരും വെള്ളിയാഴ്ച കാലിഫോർണിയയിലേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇറാന്റെ ഭീഷണി സന്ദേശം പുറത്തുവന്നത്.
അതേസമയം, അമേരിക്കൻ ഉദ്യോഗസ്ഥരെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ ഭീഷണി വർധിച്ച സാഹചര്യത്തിൽ യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സൈനിക താവളങ്ങളിലേക്ക് താമസം മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.