മുംബൈ: സുഹൃത്തിനൊപ്പം പുറത്തുപോയ ഇൻഡിഗോ എയർലൈൻസ് ജീവനക്കാരി ദുരൂഹസാഹചര്യത്തിൽ മരിച്ചു. പുണെ വിമാനത്താവളത്തിലെ ഇൻഡിഗോ എയർലൈൻസിന്റെ ടിക്കറ്റ് കൗണ്ടർ ജീവനക്കാരിയായ വർഷ ടുർക്കർ(35) ആണ് മരിച്ചത്.മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തിയിൽ ബൊന്ദ്രാണി വനപ്രദേശത്തിന് സമീപത്ത് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ വർഷയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
കൂർത്തമുനയുള്ള ആയുധം ഉപയോഗിച്ചാണ് വർഷ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ദീപാവലി ആഘോഷത്തിന് രണ്ടരവയസ്സുകാരിയായ മകളുമൊത്ത് സ്വന്തംവീട്ടിലെത്തിയതായിരുന്നു വർഷ. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ സുഹൃത്ത് നിതേഷ് അഗ്രവാളിനൊപ്പം വെയിൻഗംഗാ നദീതീരത്തേക്ക് പോയി. കുറച്ചുസമയത്തിന് ശേഷം, നിതേഷ് വിളിച്ചറിയിച്ചതനുസരിച്ച് വർഷയുടെ കുടുംബാംഗങ്ങൾ സംഭവസ്ഥലത്തെത്തി.
രക്തത്തിൽ കുളിച്ച നിലയിലുണ്ടായിരുന്ന വർഷയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴുമണിയോടെ മരിച്ചു. മുഖംമൂടി ധരിച്ച ഒരുസംഘം തന്നെയും വർഷയെയും ആക്രമിക്കുകയും മോഷണത്തിനിരയാക്കുകയും ചെയ്തുവെന്നാണ് നിതേഷ് പറഞ്ഞത്. എന്നാൽ, ഇയാളുടെ ദേഹത്ത് പ്രത്യക്ഷത്തിൽ പരിക്കുകളൊന്നും ഇല്ലാത്തത് പോലീസിന് സംശയം ജനിപ്പിച്ചു. തുടർന്ന് നിതേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്.