ഗുവാഹത്തി: പൊതുസ്ഥലങ്ങളിൽ പണം തട്ടൽ, ഭീഷണിപ്പെടുത്തൽ, അശ്ലീല പ്രവർത്തനങ്ങൾ എന്നിവ നടത്തിയെന്ന പരാതിയിൽ ഗുവാഹത്തിയിൽ 22 ട്രാൻസ്ജെൻഡർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രാഫിക് ജങ്ഷനുകളിലും പൊതുപരിപാടികളിലും ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതായി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിച്ച ഗുവാഹത്തി ജോയിന്റ് പൊലീസ് കമീഷണർ അങ്കുർ ജെയിനാണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് ജില്ലകളിലെയും ഡെപ്യൂട്ടി പൊലീസ് കമീഷണർമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് പരിശോധന നടത്തിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയതായും അദ്ദേഹം പറഞ്ഞു.സുപ്രീംകോടതി വിധികളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങളും പാലിച്ചാണ് നടപടിയെന്ന് ജെയിൻ വ്യക്തമാക്കി.
വ്യക്തികളുടെ ലിംഗസ്വത്വം പരിഗണിക്കാതെ കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും ട്രാൻസ്ജെൻഡർ പുരുഷന്മാരെയും സ്ത്രീകളെയും തിരിച്ചറിഞ്ഞ് കേസുകൾ കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിലർ വ്യാജമായി ട്രാൻസ്ജെൻഡർ തിരിച്ചറിയൽ അവകാശപ്പെടുന്നുവെന്ന ആരോപണത്തിൽ, അറസ്റ്റിലായവരോട് ബന്ധപ്പെട്ട സമിതി നൽകിയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും പരിശോധിച്ച് ആധികാരികത ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.