പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മുൻകൂർ ജാമ്യം. ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ടുപേർക്കാണ് പത്തനംതിട്ട ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വിവാദം ശക്തമായതോടെയാണ് ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെയുള്ളവരെ പോലീസ് കേസിൽ പ്രതിചേർത്തത്.
ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെ അവിടെ നാടകീയ രംഗങ്ങൾ അരങ്ങേറുകയായിരുന്നു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് അന്ന് കേസെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. തിരിച്ചറിയാവുന്ന വ്യക്തികൾ എന്നുമാത്രമായിരുന്നു എഫ്.ഐ.ആറിൽ പരാമർശിച്ചിരുന്നത്.
പിന്നീട് സി.പി.എം ഇടപെട്ട് വിവരാവകാശ നിയമപ്രകാരം പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്നതോടെയാണ് സംഭവം വീണ്ടും വിവാദമായത്. ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്തത്.
പൊലീസ് സ്റ്റേഷനിൽ താൻ അതിക്രമം നടത്തിയിട്ടില്ലെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വാദം. പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയുന്നതിനാണ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനകത്തോ പുറത്തോ അക്രമമുണ്ടായിട്ടില്ലെന്നും പോലീസിന്റെ നിർദേശപ്രകാരമുള്ള നടപടിക്രമങ്ങൾ മാത്രമാണ് പൂർത്തിയാക്കിയതെന്നും അവർ വ്യക്തമാക്കി.
സ്റ്റേഷനിലെ സെല്ലിനുള്ളിൽ കയറിയിട്ടില്ലെന്നും പ്രതിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ശ്രീനാദേവി പറഞ്ഞു. സെല്ലിന് പുറത്തുനിന്ന് ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.