തിരുവനന്തപുരം: എൽ.പി.എസ്.ടി. ഉദ്യോഗാർഥി വളർമതിയുടെ അറസ്റ്റിലും സമരപ്പന്തൽ തകർത്തതിലും മുഖ്യമന്ത്രി വി.ഡി. സതീശനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എം.പി. അമിത് ഷായും വി.ഡി. സതീശനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് തെളിയിക്കുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നൽകിയ ഉറപ്പ് നഗ്നമായി ലംഘിച്ച് പോലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തുകയായിരുന്നുവെന്നും ബ്രിട്ടാസ് ആരോപിച്ചു.
ഉദ്യോഗാർഥികളോട് യു.ഡി.എഫ് സർക്കാർ വിശ്വാസവഞ്ചനയാണ് കാട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. എന്ത് വിലകൊടുത്തും ഉദ്യോഗാർഥികളുടെ ന്യായമായ സമരത്തിന് പിന്തുണ നൽകും. ‘ഇന്ത്യ’ സഖ്യം രാജ്യത്തുടനീളം പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമ്പോൾ സ്വന്തം സംസ്ഥാനത്ത് നടക്കുന്ന ന്യായമായ സമരത്തെ യു.ഡി.എഫ് സർക്കാർ അടിച്ചമർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നിലപാടുമായി മുന്നോട്ടുപോകുന്ന കോൺഗ്രസിന് എങ്ങനെയാണ് ഡൽഹിയിലെ സമരങ്ങളിൽ പങ്കാളികളാകാനും അമിത് ഷായെ വിമർശിക്കാനും കഴിയുകയെന്ന് ബ്രിട്ടാസ് ചോദിച്ചു. ബി.ജെ.പിക്കെതിരായ പ്രക്ഷോഭങ്ങളിൽ ‘ഇന്ത്യ’ സഖ്യത്തെ നയിക്കാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നതെങ്കിൽ ഇത്തരം നടപടികൾ തിരുത്തണം. വിഷയത്തിൽ രാഹുൽ ഗാന്ധിയുടെയും കെ.സി. വേണുഗോപാലിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും എ.ഐ.സി.സി നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.