ഗുവാഹത്തി–ഓഖ ദ്വാരക എക്സ്പ്രസിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിലെ പരിപ്പുകറിയിൽ ലോഹക്കഷണം കണ്ടെത്തിയ സംഭവത്തിൽ കർശന നടപടിയുമായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി). കാറ്ററിങ് കരാറുകാരന് പിഴ ചുമത്തിയതായും സംഭവത്തിൽ വീഴ്ച വരുത്തിയ ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു.
അമിത് അവസ്തി എന്ന യാത്രക്കാരനാണ് ഭക്ഷണത്തിൽ ലോഹക്കഷണം കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ അദ്ദേഹം എക്സിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഭക്ഷണത്തിന്റെ പകുതിയോളം കഴിച്ച ശേഷമാണ് പരിപ്പുകറിയിൽ ലോഹക്കഷണം ശ്രദ്ധയിൽപ്പെട്ടതെന്ന് വീഡിയോയിൽ അദ്ദേഹം പറയുന്നു. വെള്ളിനിറത്തിലുള്ള ലോഹക്കഷണമാണ് കറിയിൽനിന്ന് ലഭിച്ചത്. അറിയാതെ ഇത് ഭക്ഷണത്തോടൊപ്പം ഉള്ളിൽ ചെന്നിരിക്കുമോയെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബറിന്റെ ഭാഗമാകാം ഭക്ഷണത്തിൽ കണ്ടെത്തിയതെന്നാണ് ജീവനക്കാർ നൽകിയ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വീഡിയോയിൽ കാറ്ററിങ് ജീവനക്കാരൻ ഇക്കാര്യം പറയുന്നുണ്ട്. പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബറിൽനിന്ന് ലോഹക്കഷണം ഭക്ഷണത്തിൽ വീണതാകാമെന്നാണ് ജീവനക്കാരന്റെ നിഗമനം. ഇത്തരം സ്ക്രബറുകളും മെഷ് പാഡുകളും സാധാരണയായി സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമിക്കുന്നത്.
ഭക്ഷണം മാറ്റിനൽകാമെന്ന് ജീവനക്കാരൻ യാത്രക്കാരനെ അറിയിച്ചിരുന്നു. സംഭവത്തിൽ ആവർത്തിച്ച് ക്ഷമാപണം നടത്തിയ ജീവനക്കാരൻ പണം തിരികെ നൽകാമെന്നും വാഗ്ദാനം ചെയ്തു. എന്നാൽ, പുതിയ ഭക്ഷണമോ പണമോ സ്വീകരിക്കാൻ അമിത് തയ്യാറായില്ല. പകരം റെയിൽവേയ്ക്ക് ഔദ്യോഗികമായി പരാതി നൽകുമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു.
ലോഹക്കഷണം കണ്ടെത്തിയതിന്റെ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചതിന് പിന്നാലെ ഐആർസിടിസിയുടെ ഔദ്യോഗിക അക്കൗണ്ട് പ്രതികരണവുമായി എത്തി. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുത്തതായും അധികൃതർ വ്യക്തമാക്കി. എന്നാൽ, കാറ്ററിങ് കരാറുകാരന് എത്ര രൂപയാണ് പിഴ ചുമത്തിയതെന്ന് ഐആർസിടിസി വെളിപ്പെടുത്തിയിട്ടില്ല.