ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകം ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ പഞ്ചാബിൽ കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കി ബിജെപിയും ആം ആദ്മി പാർട്ടിയും. 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് സോണിയ ഗാന്ധി പുസ്തകത്തിൽ ഉന്നയിച്ച വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് ഇരു പാർട്ടികളുടെയും ആരോപണം. കലാപം ആരംഭിച്ചപ്പോൾ രാജീവ് ഗാന്ധി ഡൽഹിയിൽ സൈന്യത്തെ വിന്യസിക്കാൻ ഉത്തരവിട്ടിരുന്നുവെന്ന വാദവും സിഖ് ആക്ടിവിസ്റ്റുകൾ തള്ളി. കലാപത്തെക്കുറിച്ച് അന്വേഷിച്ച കമ്മിഷനുകൾ സൈന്യത്തെ വിന്യസിക്കാത്തതിന് സർക്കാരിനെ വിമർശിച്ചിരുന്നുവെന്ന് അഭിഭാഷകൻ എച്ച്.എസ്. ഫൂൽക്ക ചൂണ്ടിക്കാട്ടി.
ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെക്കുറിച്ച് ഇന്ദിരാഗാന്ധി ഒരിക്കലും പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നിരിക്കെ, സോണിയ ഗാന്ധി ഇപ്പോൾ ഇത്തരമൊരു നിലപാട് പുസ്തകത്തിൽ എഴുതിയത് എങ്ങനെയാണെന്നാണ് ആം ആദ്മി പാർട്ടിയുടെ ചോദ്യം. സോണിയയുടെ പുസ്തകം മുസ്‌ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപി ആരോപിച്ചു.
അതേസമയം, മേനക ഗാന്ധിയുമായുള്ള കടുത്ത ഭിന്നതകളെക്കുറിച്ചും സോണിയ പുസ്തകത്തിൽ തുറന്നെഴുതിയിട്ടുണ്ട്. കുടുംബത്തിൽ സമാധാനം നിലനിർത്താനായി ആദ്യഘട്ടത്തിൽ മേനകയുടെ വഴക്കുകൾ അവഗണിച്ചിരുന്നുവെന്നും പിന്നീട് താനും അതേ രീതിയിൽ പ്രതികരിക്കാൻ തുടങ്ങിയെന്നും സോണിയ വെളിപ്പെടുത്തുന്നു.