കൊച്ചി: ഇൻസ്റ്റഗ്രാം മെസേജിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ 17-കാരനെ മർദിച്ച കേസിൽ ആക്രമണം നടത്തിയ പ്രായപൂർത്തിയാകാത്ത നാല് പേരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. തുടർന്ന് മൂന്ന് പേരെ രക്ഷിതാക്കൾക്കൊപ്പവും കേസിൽ അറസ്റ്റിലായ യുവതിയുടെ മകനെ ഇവരുടെ സഹോദരിക്കൊപ്പവും നിബന്ധനകളോടെ വിട്ടയച്ചു. കുട്ടികൾക്ക് കൗൺസലിങ് ഉറപ്പാക്കണമെന്ന് ബോർഡ് രക്ഷിതാക്കൾക്ക് നിർദേശം നൽകി.
അതേസമയം അറസ്റ്റിലായ യുവതിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. കേസിൽ കുട്ടികളുടെയും പരാതിക്കാരന്റെയും മൊഴി രേഖപ്പെടുത്തും. ആവശ്യമെങ്കിൽ അറസ്റ്റിലായ വീട്ടമ്മയെ കസ്റ്റഡിയിൽ വാങ്ങുമെന്നും എളമക്കര പോലീസ് പറഞ്ഞു. കുറ്റകരമായ നരഹത്യാശ്രമം, നിയമവിരുദ്ധ സംഘംചേരൽ, ക്രിമിനൽ ഭീഷണി, അന്യായമായി തടങ്കലിൽവയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് യുവതിക്കെതിരേ കേസെടുത്തിട്ടുള്ളത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 17-കാരൻ ചികിത്സയിലാണ്.
ഒരു ഇൻസ്റ്റഗ്രാം മെസേജിനെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പതിനേഴുകാരനെ അക്രമിസംഘം വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഇവർ മുൻപ് ഒരേ സ്ഥലത്ത് താമസിച്ചവരാണ്. ഓൺലൈൻ ഗെയിം കളിക്കാനും മറ്റുമായി പതിനേഴുകാരന്റെ പേരിൽ എല്ലാവർക്കും ഉപയോഗിക്കാനാകും വിധം ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നിരുന്നു. ഗെയിമിങ്ങിനും മറ്റും ഉപയോഗിച്ചിരുന്ന പതിനേഴുകാരന്റെ ഫോൺ കേടായതിനെത്തുടർന്ന് പുതിയ മൊബൈൽ ഫോൺ വാങ്ങി ഇതിൽ ഇൻസ്റ്റഗ്രാം തുറന്നതോടെ ഈ അക്കൗണ്ടിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തി. ഈ കാര്യം ചോദിച്ചു തുടങ്ങിയ തർക്കമാണ് ക്രൂരമർദനത്തിൽ കലാശിച്ചത്.