വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം സൈനികമായി ഫലത്തിൽ അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിലെ സ്ഥിതി അതേപടി നിലനിർത്തുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു. തിങ്കളാഴ്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വൈറ്റ് ഹൗസ് ബ്രീഫിങ് റൂമിൽ അപ്രതീക്ഷിതമായി എത്തി മാധ്യമപ്രവർത്തകരെ കണ്ടാണ് ട്രംപ് നിർണായക പ്രഖ്യാപനം നടത്തിയത്.
‘സൈനികമായി ഇറാൻ തീർന്നു കഴിഞ്ഞു. ഞങ്ങൾ ഇപ്പോൾ നിലവിലെ സ്ഥിതി നിലനിർത്തുക മാത്രമാണ് ചെയ്യുന്നത്’’–ട്രംപ് വ്യക്തമാക്കി. ഇറാന്റെ സൈനിക നേതൃത്വത്തെ പൂർണമായും തകർത്തതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇറാന്റെ ആണവപദ്ധതി നിർവീര്യമാക്കുന്നതിനും ഭാവിയിൽ ആണവായുധ ശേഷി കൈവരിക്കുന്നത് തടയുന്നതിനും ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ നിർണായക വഴിത്തിരിവായത് ട്രംപും ഖത്തർ പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയാണ്. മധ്യസ്ഥ ചർച്ചകളിൽ പ്രധാന പങ്കുവഹിക്കുന്ന ഖത്തർ വഴി, കഴിഞ്ഞയാഴ്ച ഇറാൻ തങ്ങളുടെ പുതിയ ആണവ വിവരങ്ങൾ യുഎസിനു കൈമാറിയിരുന്നു. എന്നാൽ, ചർച്ചകൾ ആരംഭിക്കുന്നതിനു മുൻപായി യുഎസ് അംഗീകരിക്കേണ്ട ഏഴു നിബന്ധനകളും ഇറാൻ മുന്നോട്ടു വച്ചിട്ടുണ്ട്. ഖത്തർ പ്രധാനമന്ത്രിയുമായുള്ള ചർച്ചയുടെ കൂടുതൽ വിവരങ്ങൾ ട്രംപ് പുറത്തുവിട്ടിട്ടില്ല
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ ഇറാനെതിരായ ആക്രമണങ്ങൾ പുനരാരംഭിക്കുമെന്ന മുൻ ഭീഷണിയിൽനിന്ന് പിന്നോട്ടുപോകുന്നതിന്റെ ഏറ്റവും വ്യക്തമായ സൂചനകളാണ് ട്രംപിന്റെ പുതിയ പ്രസ്താവന. കഴിഞ്ഞയാഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിന്റെ ഇരുസഭകളിലെയും നിയന്ത്രണം നഷ്ടമായിരുന്നു. ഡെമോക്രാറ്റുകൾ ഇരുസഭകളിലും നേട്ടമുണ്ടാക്കി.
എട്ടുമാസമായി തുടരുന്ന ഇറാൻ യുദ്ധത്തോടുള്ള അമേരിക്കൻ ജനതയുടെ അതൃപ്തി തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായിരുന്നു. യുദ്ധത്തെത്തുടർന്ന് ഇന്ധനവില കുത്തനെ ഉയർന്നത് ആഗോള സമ്പദ്വ്യവസ്ഥയിലെ മിക്കവാറും എല്ലാ മേഖലകളെയും ബാധിക്കുകയും ചെയ്തിരുന്നു.
ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടാകുകയും ശക്തമായ ഒരു കരാറിൽ ഇരുരാജ്യങ്ങൾക്കും എത്താൻ കഴിയുകയും ചെയ്താൽ ആക്രമണങ്ങൾ പുനരാരംഭിക്കേണ്ട സാഹചര്യം ഉണ്ടാകാൻ സാധ്യത വളരെ കുറവാണെന്ന് ട്രംപ് ഞായറാഴ്ച സിഎൻഎന്നിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേസമയം, സൈനിക നടപടി വീണ്ടും ആരംഭിക്കേണ്ടിവന്നാൽ ആക്രമിക്കാൻ ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ അമേരിക്ക നേരത്തെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 38 പാലങ്ങൾ ഉൾപ്പെടെയുള്ളവയാണ് ഈ പട്ടികയിലുള്ളതെന്നും ട്രംപ് പറഞ്ഞു.
അതിനിടെ, ഇറാനെതിരായ പരിമിതമായ സൈനിക ആക്രമണങ്ങൾ അമേരിക്കൻ സൈന്യം തുടരുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് രണ്ടുതവണ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾക്കുനേരെ ആക്രമണം നടത്തിയിട്ടുണ്ട്. ഇറാനിലെ തുറമുഖങ്ങളിലേക്കുള്ള അമേരിക്കൻ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ശനിയാഴ്ച ഒരു വാണിജ്യ കപ്പലിന് നേരെയും യുഎസ് സൈന്യം വെടിയുതിർക്കുകയും കപ്പലിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, യുദ്ധം അവസാനിച്ചതായുള്ള ട്രംപിന്റെ പ്രസ്താവനയ്ക്കിടയിലും ഇറാനെതിരായ സൈനിക സമ്മർദം അമേരിക്ക പൂർണമായും അവസാനിപ്പിച്ചിട്ടില്ലെന്നതാണ് നിലവിലെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.
ഡൽഹിയിലെ സ്ഥിതി അതീവ ഗുരുതരം; പടക്കപ്പുകയിൽ കാഴ്ച മറഞ്ഞു, എക്യുഐ 439 വരെ; 26 വിമാന സർവീസുകൾക്ക് തടസം