തിരുവനന്തപുരം: മുൻ എക്സൈസ് കമ്മിഷണർ സീറാം സാംബശിവ റാവു അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ ഉത്തരവ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽ പ്രവർത്തിക്കുന്ന എയർലോഞ്ച് ബാറിന് അനുവദിച്ച എഫ്എൽ 7 ലൈസൻസും അതിനുള്ള അനുമതിയുമാണ് റദ്ദാക്കിയത്.
വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എയർലോഞ്ച് ബാറിനാണ് ലൈസൻസ് അനുവദിച്ചിരുന്നത്. ലൈസൻസിനായി അപേക്ഷകൻ അടച്ച രണ്ടുലക്ഷം രൂപ തിരികെ നൽകാനും ഉത്തരവിൽ നിർദേശമുണ്ട്. ഇതിനായി അപേക്ഷകൻ പ്രത്യേക അപേക്ഷ സമർപ്പിച്ചാൽ മതിയാകും.
എക്സൈസ് കമ്മിഷണറുടെ ചുമതല വഹിക്കുന്ന അഡീഷണൽ എക്സൈസ് കമ്മിഷണർ ആർ. ജയശങ്കറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
യുഡിഎഫിന്റെ പുതിയ മദ്യനയം നിലവിൽ വരുന്നതുവരെ എഫ്എൽ 7 ഉൾപ്പെടെയുള്ള പുതിയ ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ മദ്യനയം പ്രഖ്യാപിച്ചശേഷം വീണ്ടും ലൈസൻസിനായി അപേക്ഷിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.