കോട്ടയം: എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ സ്ഥാനത്തുനിന്ന് മാറ്റിയ നടപടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി സി.പി.എം. നേതാവും മുൻ സഹകരണ മന്ത്രിയുമായ വി.എൻ. വാസവൻ. മുൻ സർക്കാരിന്റെ കാലത്ത് നൽകിയ ചുമതലകളെല്ലാം നിയമവും ചട്ടവും പാലിച്ച് കൃത്യമായും സത്യസന്ധമായും നിർവഹിച്ച ഉദ്യോഗസ്ഥനാണ് റാവുവെന്ന് വാസവൻ പറഞ്ഞു. സർക്കാരിന്റെ ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമായ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കാത്തതാണ് അദ്ദേഹത്തിനെതിരായ നടപടിക്ക് കാരണമെന്നും ആരോപിച്ചു.
ബാർ ലൈസൻസ് വിഷയത്തിൽ ഉമ്മൻചാണ്ടി സർക്കാർ സ്വീകരിച്ച അതേ നടപടികളാണ് മുൻ എൽ.ഡി.എഫ്. സർക്കാരും സ്വീകരിച്ചതെന്ന് വാസവൻ ചൂണ്ടിക്കാട്ടി. സത്യസന്ധരായ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റേത്. നിലവിലെ ഭരണത്തിൽ മറ്റ് മന്ത്രിമാർക്ക് യാതൊരു റോളുമില്ലെന്നും മുഖ്യമന്ത്രിയുടെ ‘വൺമാൻ ഷോ’യാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ബാർ ലൈസൻസുകൾ അനുവദിക്കരുതെന്ന് എക്സൈസ് കമ്മീഷണറുടെ താത്കാലിക ചുമതലയുള്ള അഡീഷണൽ കമ്മീഷണർ ജയശങ്കർ സർക്കുലർ പുറത്തിറക്കി. പുതിയ മദ്യനയം വരട്ടെയെന്ന് മന്ത്രി നിർദേശിച്ചിട്ടും ബാർ ലൈസൻസ് അനുവദിച്ചതാണ് സാംബശിവ റാവുവിന്റെ സ്ഥാനനഷ്ടത്തിന് കാരണമായത്. പുതിയ ലൈസൻസുകൾ അനുവദിക്കരുതെന്ന് രേഖാമൂലം നിർദേശമൊന്നും ലഭിച്ചിരുന്നില്ലെന്നായിരുന്നു റാവുവിന്റെ വാദം. കമ്മീഷണറെ മാറ്റിയതിന് പിന്നാലെയാണ് ജയശങ്കർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി സർക്കുലർ പുറപ്പെടുവിച്ചത്.
അതേസമയം, സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് സാംബശിവ റാവു നൽകിയ റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിച്ച് തിരിച്ചടിക്കാനാണ് സർക്കാർ നീക്കം. രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ മാത്രമല്ല, റാവുവിന്റെ കാലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ അനുവദിച്ച ബാർ ലൈസൻസുകളിലും അന്വേഷണം നടത്തും. മുൻ സർക്കാരിന്റെ കാലത്തെ എക്സൈസ് വകുപ്പിന്റെ തീരുമാനങ്ങളും അന്വേഷണപരിധിയിൽ കൊണ്ടുവരാനാണ് നീക്കം.
മന്ത്രിയുടെ പേര് പരാമർശിച്ച് സാംബശിവ റാവു റിപ്പോർട്ട് നൽകിയതിൽ ലിജുവിനൊപ്പം മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങൾക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. അതേസമയം, സാംബശിവ റാവുവിനെ ന്യായീകരിച്ച പ്രതിപക്ഷം സർക്കാരിന്റെ നീക്കം അഴിമതി ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണവും ശക്തമാക്കുകയാണ്.