കണ്ണൂർ: ചോക്ലിയിൽനിന്ന് കാണാതായ പതിനേഴുകാരൻ ശിവസൂര്യയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ക്രൈംബ്രാഞ്ച്. കുട്ടിയെ കാണാതായിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊബൈൽ ഫോൺ വാങ്ങിവെച്ചതിലുള്ള പ്രതിഷേധത്തെത്തുടർന്ന് ഓഗസ്റ്റ് എട്ടിനാണ് കാശിയിലേക്ക് പോകുകയാണെന്ന് കത്തെഴുതിവെച്ച് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. ഏകദേശം 3,000 രൂപയും കൈവശമുണ്ടായിരുന്നു.
ശിവസൂര്യയ്ക്കായി വാരണാസിയിലും രാമേശ്വരത്തും ഉൾപ്പെടെ പോലീസ് പരിശോധന നടത്തിയിരുന്നു. തലശ്ശേരി എ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 17-നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. തുടർന്നാണ് ഇപ്പോൾ ശിവസൂര്യയെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.