അരുവിക്കര: റൂട്ട് കനാൽ ചികിത്സയ്ക്കിടെ റൂട്ട് കനാൽ ഉപകരണം പതിനേഴുകാരിയുടെ വയറ്റിലെത്തിയതായി പരാതി. സംഭവത്തിൽ സ്വകാര്യ ദന്താശുപത്രിയിലെ ഡോക്ടർക്കെതിരേ കുട്ടിയുടെ അമ്മ പോലീസിനെ സമീപിച്ചു. അരുവിക്കര വട്ടക്കുളം തെക്കണത്ത് മേലേ ലെയ്ൻ ശിവാത്മികയിൽ സീമയാണ് അരുവിക്കരയിലെ ഒരു സ്വകാര്യ ദന്താശുപത്രിക്കെതിരേ പരാതി നൽകിയത്.
കഴിഞ്ഞ 31-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ സീമ വൈകീട്ട് 4.15-ന് മകളെ റൂട്ട് കനാൽ ചികിത്സയ്ക്കായി ദന്താശുപത്രിയിൽ കൊണ്ടുവന്നശേഷം പരിചയമുള്ള ഒരു ജീവനക്കാരിയെ ഏൽപിച്ച് ബാങ്കിലേക്കു പോയി. അരമണിക്കൂറിനുള്ളിൽ മടങ്ങിവന്നപ്പോൾ കുട്ടി ആശുപത്രിയിൽ ഇല്ലായിരുന്നു. ഇതോടെ ജീവനക്കാരോട് അന്വേഷിച്ചപ്പോഴാണ് ചികിത്സയ്ക്കിടെ കുട്ടിയുടെ വയറ്റിൽ മൂർച്ചയുള്ള ഉപകരണം പോയതായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ അരുവിക്കരയിലെ ഒരു സ്വകാര്യ ക്ലിനിക്കിലും തുടർന്ന് കരകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചതായും അറിയുന്നത്.
അതേസമയം കരകുളത്തെ ആശുപത്രിയിൽ നടത്തിയ എക്സ്റേ പരിശോധനയിൽ കുട്ടിയുടെ ആമാശയത്തിൽ ഉപകരണം തറച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് കുട്ടിയെ വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രക്ഷാകർത്താക്കളെ അറിയിക്കാതെ ഇരുചക്രവാഹനത്തിലാണ് കുട്ടിയെ കരകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെന്നും ദന്താശുപത്രിയിലെ ഡോക്ടർ കുട്ടിയെ വായിൽ വിരലിട്ട് ഛർദിക്കാൻ പ്രേരിപ്പിച്ചതായും പരാതിയിൽ പറയുന്നു.