കൊച്ചി: ക്രിമിനലുകളെ ജീവനക്കാരാക്കണോ എന്ന് ബസുടമകൾ ചിന്തിക്കണമെന്ന് കാക്കനാട് സ്വകാര്യ ബസിടിച്ച് കൊല്ലപ്പെട്ട ഐ.ടി. ജീവനക്കാരി അക്ഷരയുടെ കുടുംബം. റോഡിലിറങ്ങുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതില്ലേയെന്നും കുടുംബം ചോദിച്ചു. തങ്ങൾക്കുണ്ടായ നഷ്ടം ഒരിക്കലും നികത്താനാകില്ലെന്നും അക്ഷരയ്ക്ക് നീതി ലഭിക്കണമെന്നും പിതാവ് ഓമനക്കുട്ടൻ പറഞ്ഞു. പരമാവധി റോഡിന്റെ ഓരം ചേർന്നാണ് അക്ഷര നടന്നിരുന്നതെന്നും ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ടേയുള്ളൂവെന്നും ഇനിയാർക്കും ഈ ദുരനുഭവം ഉണ്ടാകരുതെന്നും ഭർത്താവ് വരുൺ കണ്ണീരോടെ പറഞ്ഞു.
ജിമ്മിൽ പോയതായിരുന്നു അക്ഷര. പതിവായി തിരിച്ചെത്തുന്ന സമയമായിട്ടും കാണാതായതോടെ വരുണും കാത്തിരിക്കുകയായിരുന്നു. ജിമ്മിൽനിന്ന് തിരിച്ചെത്തിയശേഷം പതിവുപോലെ ഒരുമിച്ച് ഓഫീസിലേക്ക് പോകാനായിരുന്നു ഇരുവരുടെയും തീരുമാനം. ഇതിനിടെയാണ് ചെറിയൊരു അപകടം പറ്റിയെന്നും അക്ഷര ആശുപത്രിയിലാണെന്നും അറിയിച്ച് ജിം ട്രെയിനറുടെ ഫോൺവിളിയെത്തിയത്. അപ്പോഴും ഇത്ര വലിയ അപകടമാണെന്ന് കരുതിയിരുന്നില്ല. അക്ഷര തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നുവെന്ന് വരുൺ പറഞ്ഞു.
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെക്കുറിച്ച് ഒരുപാട് കണ്ടിട്ടും കേട്ടിട്ടുമുണ്ട്. ഇപ്പോൾ ആ ദുരന്തം സ്വന്തം വീട്ടിലും എത്തിയിരിക്കുകയാണ്. ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥയുണ്ടാകരുതെന്നും വരുൺ പറഞ്ഞു.
അക്ഷരയുടെ മരണത്തിൽ രൂക്ഷമായ പ്രതികരണവുമായി കേരള ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. നിരത്തിലിറങ്ങി നടക്കുന്നവരുടെ ജീവന് എന്താണ് സുരക്ഷയെന്ന് കോടതി ചോദിച്ചു. നിരപരാധിയായ 28-കാരിയുടെ ജീവനെടുത്ത സംഭവത്തിൽ കുടുംബത്തോട് ഈ സംവിധാനം മാപ്പുപറഞ്ഞോയെന്നും ക്രിമിനലുകളെ ഡ്രൈവർമാരാക്കുന്ന ബസുടമകൾക്കെതിരേ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.
അതേസമയം, കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങളും അമിതവേഗവും നിയന്ത്രിക്കാൻ പോലീസ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചിരുന്നെങ്കിലും കാര്യമായ മാറ്റമുണ്ടായില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൊച്ചി സിറ്റി പോലീസ് നടത്തിയ വിപുലമായ പരിശോധനയിൽ ഗതാഗതനിയമങ്ങൾ ലംഘിച്ചതിന് സ്വകാര്യ ബസുകൾക്കെതിരേ ഒരു മാസത്തിനിടെ 2,000 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, ഭൂരിഭാഗം കേസുകളിലും നടപടി പിഴയടയ്ക്കുന്നതിൽ ഒതുങ്ങിയെന്നാണ് ആക്ഷേപം. തുടർച്ചയായ നിയമലംഘനങ്ങൾക്കും അപകടങ്ങൾക്കും ശേഷവും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് തടയിടാനാകാത്തത് വലിയ ചോദ്യമായി തുടരുകയാണ്.