കൊച്ചി: വിദഗ്ധ ചികിത്സയ്ക്കായി കോടനാട് അഭയാരണ്യത്തിലെ കുട്ടിയാന മായ ചാർട്ടേഡ് വിമാനത്തിൽ ഗുജറാത്തിലേക്ക്. ജന്മനാ അസ്ഥിക്ഷയം (ഒസ്റ്റിയോപീനിയ) ബാധിച്ച മായയെ ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലെത്തിച്ചു. വൻതാര ഫൗണ്ടേഷൻ ചാർട്ടർ ചെയ്ത പ്രത്യേക വിമാനത്തിലാണ് യാത്ര. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സിയാൽ എയർ കാർഗോ വിഭാഗമാണ് യാത്രയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെ വിമാനം കൊച്ചിയിൽനിന്ന് പുറപ്പെട്ടു.
രോഗം ഗുരുതരമായതിനെത്തുടർന്ന് മായയ്ക്ക് നേരത്തെ ദയാവധം നിർദേശിച്ചിരുന്നു. കേരളത്തിൽ ഫലപ്രദമായ ചികിത്സ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അവസാനശ്രമമെന്ന നിലയിലാണ് വനംവകുപ്പ് അധികൃതർ മറ്റ് ചികിത്സാ സാധ്യതകൾ തേടിയത്. വനംവകുപ്പ് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ഡോ. പി. പുഗഴേന്തിയുടെയും അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ജ്യോതിഷ് ജെ. ഒഴാക്കലിന്റെയും ശ്രമങ്ങൾ ഒടുവിൽ എത്തിയത് വൻതാരയിലാണ്.
വൻതാരയിലെ ഡോക്ടർമാരുടെ സംഘം മായയുടെ രക്തപരിശോധനാ ഫലങ്ങളും എക്സ്റേകളും പരിശോധിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തി. വനംവകുപ്പ് അധികൃതരുമായി നടത്തിയ വിഡിയോ കോൺഫറൻസിലൂടെ മായയുടെ നിലവിലെ ആരോഗ്യസ്ഥിതിയും വിലയിരുത്തി. തുടർന്നാണ് തുടർപരിശോധനകൾക്കും വിദഗ്ധ ചികിത്സയ്ക്കുമായി മായയെ വൻതാരയിലെത്തിക്കാൻ തീരുമാനിച്ചത്. ഇതിനായി പ്രത്യേകം സജ്ജീകരിച്ച കൂട്ടിലാണ് കുട്ടിയാനയെ വിമാനത്തിലേക്ക് മാറ്റിയത്. യാത്രയ്ക്കു മുൻപും വിമാനയാത്രയ്ക്കിടയിലും വെറ്ററിനറി സംഘം മായയുടെ ആരോഗ്യനില നിരീക്ഷിച്ചു. വനംവകുപ്പിന്റെ പ്രത്യേക സംഘവും കുട്ടിയാനയെ അനുഗമിച്ചു.
ജനിച്ചിട്ട് ഇതുവരെ അമ്മയുടെ മുലപ്പാൽ കുടിക്കാൻ പോലും ഭാഗ്യമുണ്ടായിട്ടില്ല മായയ്ക്ക്. 2025 ഏപ്രിൽ 18ന് മലയാറ്റൂർ ഡിവിഷനിലെ കപ്രിക്കാടിന് സമീപം പെരിയാർ നദി കടക്കുന്നതിനിടെയാണ് ജനിച്ചയുടനെ പെൺ ആനക്കുട്ടി അമ്മയിൽനിന്നും കാട്ടാനക്കൂട്ടത്തിൽനിന്നും ഒറ്റപ്പെട്ടത്. കടുത്ത നിർജ്ജലീകരണവും ക്ഷീണവും കാരണം അമ്മയാനയ്ക്ക് കുഞ്ഞിനെ ഒപ്പം കൊണ്ടുപോകാൻ കഴിഞ്ഞില്ല. അമ്മയാന തിരിച്ചെത്താതിരുന്നതോടെ വനംവകുപ്പ് അധികൃതർ കുട്ടിയാനയെ രക്ഷപ്പെടുത്തി അഭയാരണ്യത്തിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ മായയുടെ ഒന്നാം ജന്മദിനം അഭയാരണ്യത്തിലെ ജീവനക്കാരും വനംവകുപ്പും ചേർന്ന് വിപുലമായി ആഘോഷിച്ചിരുന്നു. 2026 ജൂണിൽ കപ്രിക്കാട് സന്ദർശിച്ച കേന്ദ്ര പരിസ്ഥിതി, വനം സഹമന്ത്രി കീർത്തിവർധൻ സിങ്ങാണ് കുട്ടിയാനയ്ക്ക് ഔദ്യോഗികമായി മായ എന്ന പേരിട്ടത്.
ജൂലൈയിലുണ്ടായ വീഴ്ചയിൽ മായയുടെ വലതു തോളിന് പരിക്കേറ്റിരുന്നു. ചികിത്സയിലൂടെ ഇത് ഭേദമായെങ്കിലും വൈകാതെ ഒരു കൈയിലെയും കാലിലെയും എല്ലുകൾക്ക് പൊട്ടൽ കണ്ടെത്തി. വീഴ്ചയില്ലാതെ തന്നെ എല്ലുകൾ പൊട്ടുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് അസ്ഥിക്ഷയ രോഗം സ്ഥിരീകരിച്ചത്. എഴുന്നേൽക്കാൻ കഴിയാതെ കിടപ്പിലായ മായയ്ക്ക് പിന്നീട് ലാക്ടജൻ കലക്കിയാണ് നൽകിയിരുന്നത്.
ആറുമാസത്തെ ചികിത്സയും തുടർപരിചരണവുമാണ് വൻതാര അധികൃതർ നിർദേശിച്ചിരിക്കുന്നത്. ചികിത്സയ്ക്കുശേഷം രോഗം ഭേദമായി മായക്കുട്ടി അഭയാരണ്യത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും വനംവകുപ്പ് അധികൃതരും.