BREAKING NEWS

‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: സ്വകാര്യബസുകളുടെ അപകടകരമായ ഡ്രൈവിങ്ങിനെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കാക്കനാട് സ്വകാര്യബസിടിച്ച് ഇൻഫോപാർക്ക് ജീവനക്കാരി അക്ഷര മരിച്ച സംഭവം സംവിധാനത്തിന്റെ പരാജയമാണെന്ന് കോടതി നിരീക്ഷിച്ചു. സുരക്ഷിതമായി വീടുകളിലെത്താൻ യാത്രക്കാർക്ക് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു.

അപകടത്തിന്റെ ദൃശ്യങ്ങൾ കണ്ടുനിൽക്കാനാകാത്തതാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഡ്രൈവർമാർ റോഡിന്റെ ഉടമകളല്ലെന്നും കാലന്മാരെപ്പോലെയാണ് പെരുമാറുന്നതെന്നും കോടതി വിമർശിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരാക്കുന്ന ബസ് ഉടമകൾക്കെതിരേ നടപടി വേണമെന്നും നിർദേശിച്ചു. അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരേ എത്ര കേസുകളുണ്ടെന്ന് കോടതി ചോദിച്ചു. അപകടമുണ്ടാക്കിയാൽ ഇനി വാഹനം ഓടിക്കാൻ കഴിയില്ലെന്ന ഭയം ഡ്രൈവർമാർക്കുണ്ടാകണമെന്നും കോടതി പറഞ്ഞു.

സ്വകാര്യബസിടിച്ച് മരിച്ച അക്ഷരയുടെ കുടുംബത്തോട് കോടതി മാപ്പ് ചോദിക്കുകയും ചെയ്തു. വിഷയത്തിൽ പൊലീസ് നടപടിയെടുത്തില്ലെങ്കിൽ ജനങ്ങൾ ശബ്ദമുയർത്താൻ ആവശ്യപ്പെടുമെന്നും കോടതി മുന്നറിയിപ്പ് നൽകി. നിരത്തുകളിലെ ക്യാമറകൾ ഇത്തരം നിയമലംഘനങ്ങൾ കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. ഫോണിൽ സംസാരിച്ചുകൊണ്ടാണ് പല ഡ്രൈവർമാരും ബസ് ഓടിക്കുന്നതെന്നും നിരീക്ഷിച്ചു.

കൊച്ചിയിൽ നടപ്പാതകൾ സ്ഥാപിക്കാത്തതിലും ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഫുട്പാത്തുകൾ സ്ഥാപിച്ചില്ലെങ്കിൽ കൊച്ചി കോർപ്പറേഷനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇനിയും നടപ്പാതകൾ ഒരുക്കിയില്ലെങ്കിൽ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും അറിയിച്ചു. കൊച്ചി പഴയ കൊച്ചിയല്ലെന്നും വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ കോടതി, ഈ സാഹചര്യത്തിൽ അപകടകരമായ ഡ്രൈവിങ്ങിനെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും ചോദിച്ചു.

കേസ് വെള്ളിയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.