ന്യൂഡൽഹി: പാകിസ്താനിലെ കറാച്ചിക്ക് സമീപം വിനോദസഞ്ചാരത്തിന്റെ മറവിൽ സമുദ്ര മേഖലയിൽ പരിശീലനം നടത്തിവരികയാണ് ലഷ്കറെ തൊയ്ബ ഭീകരരെന്ന് ഇന്റലിജൻസ് വിവരം. കറാച്ചിയിൽനിന്ന് വെറും 50 കിലോമീറ്റർ അകലെയുള്ള ചർണ ദ്വീപിൽ ഭീകരർക്ക് സ്കൂബ ഡൈവിങ്, കോംബാറ്റ് സ്വിമ്മിങ്, വെള്ളത്തിനടിയിലെ മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ പരിശീലനം നൽകിവരുന്നതായാണ് വിവരം. ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലഷ്കറിന്റെ ‘ദാവ മറൈൻ വിങ്’ അഥവാ ‘സദാ-ഇ-ഹുറിയത്ത്’ എന്നറിയപ്പെടുന്ന വിഭാഗമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
പാക് അധിനിവേശ കശ്മീരിലെ മംഗ്ല അണക്കെട്ടിലും പ്രത്യേക നീന്തൽക്കുളങ്ങളിലും ലഷ്കർ ഭീകരർക്ക് നേരത്തെ പരിശീലനം നൽകിയിരുന്നതായി കണ്ടെത്തിയിരുന്നു. ഈ പരിശീലന കേന്ദ്രങ്ങളിൽ ചിലതിനുനേരെ ഇന്ത്യ ബോംബുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.
കറാച്ചിക്ക് സമീപമുള്ള ദ്വീപിൽ സമുദ്രത്തിലെ പ്രവർത്തനങ്ങൾക്കായി പരിശീലനം നേടുന്ന ഭീകരർ വിനോദസഞ്ചാരികളെന്ന വ്യാജേനയാണ് എത്തുന്നതെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന വിവരം. ലഷ്കറിന്റെ പ്രോക്സി സംഘടനയായ പാകിസ്താൻ മർക്കസി മുസ്ലിം ലീഗിലെ (പി.എം.എം.എൽ) അംഗങ്ങളാണ് പരിശീലകർ. സമുദ്ര മേഖലയിൽ ആക്രമണ ശേഷി വർധിപ്പിക്കാൻ ലഷ്കർ ശ്രമം ശക്തമാക്കിയതായാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.
2008-ലെ മുംബൈ ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്കർ ഭീകരർ കടൽമാർഗമാണ് നഗരത്തിലെത്തിയത്. സമുദ്രമാർഗം വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്താനുള്ള ശേഷി വർധിപ്പിക്കാനാണ് സംഘടന ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തെ സുരക്ഷാ ഏജൻസികൾ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഏത് തരത്തിലുള്ള ഭീഷണിയും നേരിടാൻ സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.