കൊല്ലം: കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു. ആര്യങ്കാവിനും ഭഗവതീപുരത്തിനും ഇടയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. പാലക്കാട് നിന്ന് തൂത്തുക്കുടിയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസ് ഇടിച്ചാണ് കടുവ ചത്തത്. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞെത്തിയ ട്രെയിൻ കടുവയെ ഇടിക്കുകയായിരുന്നു.
ചെങ്കോട്ട–ഭഗവതീപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ജനവാസമേഖലയോട് ചേർന്നുള്ള മാവിൻതോട്ടത്തിൽനിന്നാണ് കടുവ എത്തിയതെന്നാണ് കരുതുന്നത്. അപകടത്തെ തുടർന്ന് ട്രെയിൻ കുറച്ചുനേരം സ്ഥലത്ത് നിർത്തിയിട്ടു. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെത്തുടർന്ന് ആർപിഎഫും തെങ്കാശി ജില്ലാ ഫോറസ്റ്റ് ഓഫീസർ രാജ്മോഹന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഉദ്യോഗസ്ഥർ ട്രാക്കിൽനിന്ന് കടുവയുടെ ജഡം നീക്കം ചെയ്തതോടെയാണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്. തമിഴ്നാട് വനംവകുപ്പിന്റെ നേതൃത്വത്തിൽ കടുവയുടെ പോസ്റ്റ്മോർട്ടവും നടത്തി.
ആളൊഴിഞ്ഞ പ്രദേശങ്ങളിൽ റെയിൽവേ ട്രാക്കിലും പരിസരത്തും വന്യമൃഗങ്ങൾ എത്തുന്നത് ട്രാക്ക് പരിശോധനയ്ക്കായി എത്തുന്ന ജീവനക്കാർക്കിടയിലും ആശങ്ക ഉയർത്തുന്നുണ്ട്.