മോസ്കോ: അന്താരാഷ്ട്ര രാഷ്ട്രീയത്തിലും പശ്ചിമേഷ്യൻ മേഖലയിലും നിർണായക സംഭവവികാസങ്ങൾക്കിടെ റഷ്യയും ഇറാനും തമ്മിലുള്ള തന്ത്രപ്രധാന നീക്കങ്ങൾ ശക്തമാകുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ക്രംലിനിൽ ഇറാന്റെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ മൊഹ്സെൻ റെസായിയുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ചർച്ച ചെയ്യാൻ ഇറാനിയൻ പ്രതിനിധികൾ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വ്യാഴാഴ്ച ഉന്നതതല ചർച്ച നടന്നത്.
ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള മുജ്തബ ഖമേനിയുടെ സന്ദേശം മൊഹ്സെൻ റെസായി പുടിന് കൈമാറി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ക്രംലിൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള യുദ്ധാനന്തര സാഹചര്യം, പ്രാദേശിക സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പുടിനുമായി നിർണായക ചർച്ചകൾ നടത്തിയതായി കൂടിക്കാഴ്ചയ്ക്കുശേഷം റെസായി അറിയിച്ചു.
റഷ്യയിൽനിന്ന് ഇറാനിലേക്ക് ഗ്യാസ് പൈപ്പ് ലൈൻ നിർമിക്കുന്നതും ചർച്ചയിലെ പ്രധാന വിഷയമായിരുന്നു. ഇറാന്റെ ആഭ്യന്തര ഗ്യാസ് ക്ഷാമം പരിഹരിക്കുന്നതിനൊപ്പം റഷ്യൻ പ്രകൃതിവാതകം ഇറാന്റെ അയൽരാജ്യങ്ങളിലേക്ക് വിതരണം ചെയ്യാനും ലക്ഷ്യമിടുന്നതാണ് പദ്ധതി.
അതിനിടെ, അമേരിക്കയ്ക്കുമുന്നിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുതെന്ന് പരമോന്നത നേതാവ് മുജ്തബ ഖമേനി ബുധനാഴ്ച പുറത്തിറക്കിയ രേഖാമൂലമുള്ള പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ ഭാവി പദവി, ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള അമേരിക്കൻ ഉപരോധം, മറ്റ് സാമ്പത്തിക ഉപരോധങ്ങൾ, ഇറാന്റെ ആണവപദ്ധതി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ എന്നിവയാണ് സമാധാനശ്രമങ്ങളിൽ പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ, ഇരുപക്ഷത്തിന്റെയും നിലപാടുകൾ തമ്മിൽ ഇപ്പോഴും വലിയ അകലമുണ്ടെന്നാണ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥന്റെ പ്രതികരണം.
നയതന്ത്ര ചർച്ചകളിൽ അമേരിക്കയ്ക്കുമുന്നിൽ ഏഴ് നിബന്ധനകൾ വെച്ചിട്ടുണ്ടെന്ന് റെസായി വ്യക്തമാക്കി. ഈ നിബന്ധനകളെല്ലാം പൂർണമായി നടപ്പാക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്നും അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്നും പുടിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.