കാസര്‍കോട്: പനത്തടി സ്വദേശിയേയും പെണ്‍സുഹൃത്തിനെയും ലോഡ്ജ് മുറിയില്‍ വച്ച് ആക്രമിച്ച ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്തതായി പരാതി. കേസെടുത്ത കാസര്‍കോട് ടൗണ്‍ പൊലീസ് 17കാരന് ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റു ചെയ്തു. നിരവധി കേസുകളില്‍ പ്രതിയും മധൂര്‍, എസ്പി നഗറിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ സാബിത്ത് (30), നായന്മാര്മൂല, അക്കരപ്പള്ളത്തെ അമീര്‍ അലി (30), 17കാരന് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
രാജപുരം പൊലീസ് സ്റ്റേഷന് പരിധിധിയിലെ പനത്തടി, കോളിച്ചാല്‍, പാറക്കടവ് ഹൗസിലെ കെഎ മുഹമ്മദ് ഉദൈഫ് (22), പെണ്‍സുഹൃത്ത് എന്നിവരാണ് അക്രമത്തിന് ഇരയായത്. ബുധനാഴ്ച വൈകുന്നേരം 4.30 നും രാത്രി 8മണിക്കും ഇടയിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനും പെണ്‍സുഹൃത്തും കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു.
ഈ മുറിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതികള്‍ മുഹമ്മദ് ഉദൈഫിന്റെ മുഖത്ത് അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം യുവതിയുടെ ഒരു ജോഡി കമ്മല്‍ ഭീഷണിപ്പെടുത്തി ഊരിയെടുക്കുകയായിരുന്നുവെന്ന് കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. തുടര്‍ന്ന് മുഹമ്മദ് ഉദൈഫിന്റെ എടിഎം കാര്‍ഡ് വാങ്ങി 10000 രൂപ അപഹരിച്ചതായും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.