BREAKING NEWS

ജോർജിയയിൽ ചരിത്രവിജയം; 2028-ലെ പ്രസിഡന്റ് പോരാട്ടത്തിലേക്ക് ജോൺ ഒസോഫ്? അടുത്ത ഒബാമ? യുവ സെനറ്ററുടെ വളർച്ചയിൽ കണ്ണുനട്ട് ഡെമോക്രാറ്റുകൾ

· · 1 min read
Share: Copied!

2021 ജനുവരിയിൽ ജോർജിയയിൽനിന്ന് അമേരിക്കൻ സെനറ്ററായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ജോൺ ഒസോഫിന് പ്രായം വെറും 33 വയസ്സ്. അന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡേവിഡ് പെർഡ്യൂവിനെ 55,000-ത്തോളം വോട്ടുകൾക്കാണ് ഒസോഫ് പരാജയപ്പെടുത്തിയത്. എന്നാൽ ഇത്തവണത്തെ വിജയം അങ്ങനെയായിരുന്നില്ല. വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള മുന്നേറ്റം. വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുൻപുതന്നെ ഏഴര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ഒസോഫ് സ്വന്തമാക്കി.

2021-ലെ ആദ്യവിജയം യാദൃച്ഛികമെന്ന് വിലയിരുത്തിയവർക്കുള്ള മറുപടികൂടിയായി മാറി ഇത്തവണത്തെ വിജയം. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ച സംസ്ഥാനമാണ് ജോർജിയ. അവിടെത്തന്നെ ഒസോഫ് നേടിയ വലിയ വിജയം ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം വർധിപ്പിച്ചിരിക്കുകയാണ്. 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ സാധ്യതയുള്ള നേതാക്കളിലൊരാളായും അദ്ദേഹത്തെ ഇപ്പോൾ പരിഗണിക്കുന്നുണ്ട്.

2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകളിലും പ്രവചന വിപണികളിലും ഒസോഫിന്റെ പേര് സജീവമാണ്. ന്യൂയോർക്കിൽനിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി അലക്സാണ്ട്രിയ ഒക്കാസിയോ-കോർട്ടെസും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഉൾപ്പെടെയുള്ളവരുമായി അദ്ദേഹത്തിന്റെ സാധ്യതകൾ താരതമ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇവ തിരഞ്ഞെടുപ്പ് സർവേകളുടെയും പ്രവചന വിപണികളുടെയും വ്യത്യസ്ത കണക്കുകളാണെന്നത് ശ്രദ്ധേയമാണ്.

2021-ൽ സെനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഒസോഫ് പിന്നീട് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ വളർച്ചയാണ് കൈവരിച്ചത്. സ്വന്തം മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്കൊപ്പം സെനറ്റ് ഹിയറിംഗുകളിലും റിപ്പബ്ലിക്കൻ അംഗങ്ങളെ കടുത്ത ചോദ്യങ്ങളിലൂടെ നേരിടുന്നതിലും അദ്ദേഹം ശ്രദ്ധ നേടി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവും അദ്ദേഹത്തിന് നേട്ടമായി. ട്രംപിനെതിരേ രൂക്ഷവിമർശനങ്ങളുന്നയിച്ചുകൊണ്ടുള്ള പ്രസംഗങ്ങളും ശ്രദ്ധിക്കപ്പെട്ടു.

പുരോഗമനപരമായ നിലപാടുകൾക്കൊപ്പം മധ്യപക്ഷത്തോടും അനുഭാവം പുലർത്തുന്ന രാഷ്ട്രീയ ശൈലിയാണ് ഒസോഫിന്റേത്. മികച്ച പ്രസംഗകനെന്ന നിലയിലും യുവജനങ്ങൾക്കിടയിലെ സ്വീകാര്യതയിലും മുൻ പ്രസിഡന്റ് ബരാക് ഒബാമയുമായി അദ്ദേഹത്തെ ചിലർ താരതമ്യം ചെയ്യുന്നുണ്ട്.

പ്രായമേറിയ നേതാക്കൾ അമേരിക്കൻ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന സാഹചര്യത്തിൽ യുവത്വത്തിന്റെ പ്രതിനിധിയായാണ് 39-കാരനായ ഒസോഫിനെ ഒരു വിഭാഗം നിരീക്ഷകർ അവതരിപ്പിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും ജോർജിയയിലെ വിജയം ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രാധാന്യം വർധിപ്പിച്ചിട്ടുണ്ട്. 2028-ലെ തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നതിനാൽ ദേശീയതലത്തിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കുകയെന്നതാണ് ഇനി അദ്ദേഹത്തിനു മുന്നിലുള്ള വെല്ലുവിളി.

1987 ഫെബ്രുവരി 16-ന് അറ്റ്ലാന്റയിലാണ് ജോൺ ഒസോഫിന്റെ ജനനം. ജൂത കുടുംബത്തിൽനിന്നുള്ള അദ്ദേഹത്തിന്റെ പിതാവ് റഷ്യൻ, ലിത്വാനിയൻ ജൂത വംശജനാണ്. മാതാവ് ഓസ്ട്രേലിയൻ വംശജയും. കിഴക്കൻ യൂറോപ്പിലെ ജൂതവിരുദ്ധ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാനാണ് പിതാവിന്റെ മാതാപിതാക്കൾക്ക് പലായനം ചെയ്യേണ്ടിവന്നത്. ജൂതവംശഹത്യയിൽനിന്ന് അതിജീവിച്ച ബന്ധുക്കൾക്കിടയിൽ വളർന്നുവന്നതിനെക്കുറിച്ച് ഒസോഫ് പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

പൗരാവകാശ നേതാവും ജോർജിയയിൽനിന്നുള്ള കോൺഗ്രസ് അംഗവുമായിരുന്ന ജോൺ ലൂയിസിന്റെ ആത്മകഥ വായിച്ചതോടെയാണ് ഒസോഫിന് രാഷ്ട്രീയത്തോട് താൽപ്പര്യമുണ്ടാകുന്നത്. 17-ാം വയസ്സിൽ ലൂയിസിനൊപ്പം പ്രവർത്തിക്കാൻ അവസരം തേടി അദ്ദേഹം കത്തയച്ചു. മറുപടിയായി ലൂയിസ് ഇന്റേൺഷിപ്പ് വാഗ്ദാനം ചെയ്തു. പിന്നീട് ഇരുവരും തമ്മിൽ അടുത്ത ബന്ധം സ്ഥാപിക്കപ്പെട്ടു. ഒസോഫിന്റെ രാഷ്ട്രീയ യാത്രയിൽ ലൂയിസ് പ്രധാന ഉപദേഷ്ടാവായി മാറുകയും ചെയ്തു.

2009-ൽ ജോർജ്ജ്ടൗൺ സർവകലാശാലയിൽനിന്ന് ബിരുദം നേടിയ ഒസോഫ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഉപരിപഠനം നടത്തി. ജോർജിയയിൽനിന്നുള്ള കോൺഗ്രസ് അംഗമായ ഹാങ്ക് ജോൺസണൊപ്പം വിദേശകാര്യ, പ്രതിരോധ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രവർത്തിച്ചു. ഇതിനിടെ പത്രപ്രവർത്തനത്തിലും ഡോക്യുമെന്ററി നിർമാണത്തിലും സജീവമായി.

അഴിമതി, യുദ്ധക്കുറ്റങ്ങൾ, മനുഷ്യക്കടത്ത് തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ലണ്ടൻ ആസ്ഥാനമായ അന്വേഷണാത്മക ചലച്ചിത്ര കമ്പനിയായ ‘ഇൻസൈറ്റ് ടി.ഡബ്ല്യു.ഐ.’യുടെ (Insight TWI) സി.ഇ.ഒ. ആയി 2013-ൽ ചുമതലയേറ്റു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നതിനായി 2017-ൽ സ്ഥാപനം വിട്ടു.

എന്നാൽ രാഷ്ട്രീയത്തിലെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം വിജയമായിരുന്നില്ല. ജോർജിയയിലെ ആറാം കോൺഗ്രസ് മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയോട് പരാജയപ്പെട്ടു. പരാജയത്തിൽ തളരാതെ രാഷ്ട്രീയപ്രവർത്തനം തുടർന്ന അദ്ദേഹം 2021-ൽ സെനറ്റിലേക്ക് മത്സരിച്ച് നിർണായക വിജയം നേടി. അറ്റ്ലാന്റയിൽ ഡോക്ടറായ അലീഷ ക്രാമറാണ് ഭാര്യ.

BREAKING NEWS
’സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് വരുമാനപരിധി വരും’, വ്യാജ പ്രചാരണം; പ്രിയദർശിനി കാർഡ് പോസ്റ്ററിനെതിരെ മന്ത്രിയുടെ ഓഫീസ് പോലീസിൽ
05 Nov 2026
BREAKING NEWS
സ്കൂളിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം; പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ; തലയ്ക്ക് പരിക്ക്, അഞ്ച് പേർക്കെതിരെ നടപടി
05 Nov 2026
BREAKING NEWS
ലോഡ്ജ് മുറിയില്‍ അക്രമിച്ച് കയറി യുവാവിനെയും പെണ്‍സുഹൃത്തിനെയും മര്‍ദിച്ചു, ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു, 17കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
05 Nov 2026
BREAKING NEWS
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, സർക്കാരിനും പ്രോസിക്യൂഷനുമെതിരെയാണു കോടതി നടപടികൾ, പരിഹസിക്കുകയും ചെയ്തു, എല്ലാം ഡ്രാമ, തോറ്റു പിന്മാറുമെന്നു കരുതേണ്ട, കേസുമായി മുന്നോട്ടുപോകും- ഭദ്രകീര്‍ത്തി
05 Nov 2026