കൊല്ലം: ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ ലഭിച്ച സംഭവത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയ ലോട്ടറി ഏജൻസിയെ സസ്പെൻഡ് ചെയ്തു. കുണ്ടറ ചെറുമൂടിൽ പ്രവർത്തിക്കുന്ന അഖി ലോട്ടറി ഏജൻസിയുടെ ലൈസൻസാണ് സംസ്ഥാന ലോട്ടറി ഡയറക്ടർ സസ്പെൻഡ് ചെയ്തത്. ലോട്ടറി വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ദൃശ്യമാധ്യമങ്ങളെ അറിയിച്ചത് കരാർ വ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇക്കാരണത്താൽ ലൈസൻസ് സസ്പെൻഡ് ചെയ്യുകയാണെന്നാണ് ഉത്തരവിൽ പറയുന്നത്. സ്ത്രീശക്തി ലോട്ടറിയിലാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്.
അതേസമയം, കൊല്ലം ഡീസന്റ് ജങ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിയിലും സമാനമായ പരാതി ഉയർന്നിരുന്നു. ഇവിടെയും സ്ത്രീശക്തി ലോട്ടറിയുടെ രണ്ട് ടിക്കറ്റുകളിൽ ഒരേ നമ്പർ കണ്ടെത്തുകയായിരുന്നു. ഒരേ സീരീസിലും ഒരേ നമ്പറിലുമുള്ള രണ്ട് ടിക്കറ്റുകളാണ് ശ്രദ്ധയിൽപ്പെട്ടത്. കൊല്ലം ചെറുമൂടിലെ ലോട്ടറി ഏജൻസിയിൽ വിൽപ്പനയ്ക്കായി എത്തിയ ടിക്കറ്റുകളിലാണ് ആദ്യം അപാകത കണ്ടെത്തിയത്.