കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവാവിൽനിന്ന് 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച്.എം. ഹൈമയ്ക്കെതിരെയാണ് നടപടി. കക്കോടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
സാമൂഹികമാധ്യമം വഴിയാണ് യുവാവ് യുവതിയെ പരിചയപ്പെട്ടത്. പിന്നീട് സൗഹൃദത്തിലായ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതി പല ഘട്ടങ്ങളിലായി പണം കൈപ്പറ്റിയെന്നുമാണ് പരാതിയിലെ ആരോപണം.
വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ആകെ 20,81,450 രൂപ യുവതി വാങ്ങിയെന്നാണ് യുവാവിന്റെ മൊഴി. ഇതിനിടെ യുവതി നേരത്തെ വിവാഹിതയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. വിവാഹ വാഗ്ദാനത്തിൽ വിശ്വസിച്ച് വലിയ തുക കൈമാറിയ യുവാവ് പണം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞതോടെയാണ് പൊലീസിനെ സമീപിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. പണം കൈമാറിയ സാഹചര്യങ്ങളും ഇടപാടുകൾക്ക് പിന്നിലെ യഥാർഥ വസ്തുതകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.