ന്യൂഡൽഹി: 2026ലെ അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പരിഹാസവുമായി ഇന്ത്യയിലെ ഇറാൻ എംബസി. കാലിലും കൈയിലും പൊക്കിയെടുത്ത് ട്രംപിനെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്ന മീം പങ്കുവെച്ചാണ് എംബസി അമേരിക്കൻ പ്രസിഡന്റിനെ പരിഹസിച്ചത്. ‘ഹസാർഡസ് വേസ്റ്റ്’ (അപകടകരമായ മാലിന്യം) എന്ന് രേഖപ്പെടുത്തിയ ചവറ്റുകുട്ടയിലേക്ക് നാല് പേർ ചേർന്ന് ട്രംപിനെ എടുത്തെറിയുന്നതാണ് എക്സിൽ പങ്കുവെച്ച ചിത്രത്തിലുള്ളത്.
‘അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. തിരഞ്ഞെടുപ്പിൽ ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കുമേറ്റ തിരിച്ചടിയെ പരിഹസിക്കുന്നതായിരുന്നു പോസ്റ്റ്. നവംബർ മൂന്നിന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വൻ മുന്നേറ്റം നടത്തുകയും ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു.
The U.S. midterm elections 😄 https://t.co/KDm874Cb1f
— Iran in India (@Iran_in_India) November 4, 2026
സോഷ്യൽ മീഡിയയിയിലെ പ്രതികരണങ്ങൾ
ഇറാൻ എംബസിയുടെ മീമിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് വന്നത്. ‘ഇന്ന് ജനാധിപത്യത്തിന് ഏറ്റവും മികച്ച ദിവസമാണ്’ എന്നായിരുന്നു ഒരാളുടെ പ്രതികരണം. ‘ഇത് സംഭവിക്കാൻ കാരണമായ ഇറാനിലെ മഹത്തായ ജനതയ്ക്കും അവരുടെ നേതൃത്വത്തിനും പ്രത്യേക നന്ദി. അന്താരാഷ്ട്ര മാലിന്യം ഒടുവിൽ ചവറ്റുകുട്ടയിലെത്തി’ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ‘താൻ ആരംഭിച്ച തികച്ചും അന്യായവും നിയമവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ഇറാൻ യുദ്ധത്തിലെ പരാജയവും ട്രംപ് അംഗീകരിക്കണം’ എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ പ്രതികരണം.
യുദ്ധത്തിനെതിരെ അമേരിക്കക്കാർ വോട്ട് ചെയ്തെന്ന് ഇറാൻ
തിരഞ്ഞെടുപ്പ് ഫലത്തെ ട്രംപിന്റെ നയങ്ങൾക്കെതിരായ ജനവിധിയായി അവതരിപ്പിക്കാനും ഇറാൻ ശ്രമിച്ചു. പ്രത്യേകിച്ച് വാഷിങ്ടണും ടെഹ്‌റാനും തമ്മിലുള്ള സംഘർഷമാണ് ഇറാൻ ഉയർത്തിക്കാട്ടിയത്. അമേരിക്കൻ വോട്ടർമാർ യുദ്ധത്തിനും വർധിച്ചുവരുന്ന ജീവിതച്ചെലവിനുമെതിരെ വ്യക്തമായ സന്ദേശമാണ് നൽകിയതെന്ന് ഇറാന്റെ മുഖ്യ ചർച്ചാ പ്രതിനിധി മുഹമ്മദ് ബാഘർ ഗാലിബാഫ് പറഞ്ഞു.
‘മനഃസാക്ഷിയുടെ ശബ്ദമായാലും ജീവിതച്ചെലവിന്റെ പ്രശ്നമായാലും അമേരിക്കക്കാർ യുദ്ധത്തോട് വേണ്ടെന്ന് പറഞ്ഞു. ഈ സന്ദേശത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു’ എന്നായിരുന്നു ഗാലിബാഫ് എക്സിൽ കുറിച്ചത്. അതേസമയം ഫെബ്രുവരിയിൽ ഇറാനിലെ ലക്ഷ്യങ്ങൾക്കെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളോടെയാണ് സംഘർഷം ആരംഭിച്ചത്. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം വലിയ മുന്നേറ്റമില്ലാത്ത സാഹചര്യത്തിൽ തുടരുകയാണ്. സംഘർഷം ഇന്ധനവില ഉയരുന്നതിനും അമേരിക്കൻ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത വർധിക്കുന്നതിനും കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ഇറാൻ യുദ്ധം ഒരു കാരണമായിരിക്കാമെന്ന് ട്രംപും സമ്മതിച്ചിരുന്നു. എന്നാൽ ഇറാനെതിരായ തന്റെ സമീപനം വോട്ടർമാർക്ക് മനസിലായിട്ടുണ്ടെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു.
ട്രംപിന് മുന്നിലുള്ള വെല്ലുവിളികൾ
കോൺഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾ ഏറ്റെടുത്തതോടെ ട്രംപിന്റെ നിയമനിർമാണ അജണ്ടകൾ നടപ്പാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാകും. ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ അന്വേഷണം നടത്താനും തീരുമാനങ്ങൾ സൂക്ഷ്മമായി പരിശോധിക്കാനും സർക്കാർ ചെലവുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ സ്വാധീനം ചെലുത്താനും ഡെമോക്രാറ്റുകൾക്ക് സാധിക്കും.
അതേസമയം, തിരഞ്ഞെടുപ്പ് പരാജയം ട്രംപിന്റെ പ്രസിഡന്റിന്റെ അധികാരങ്ങൾ ഇല്ലാതാക്കുന്നില്ല. പാർലമെന്റ് പാസാക്കുന്ന നിയമങ്ങളിൽ വീറ്റോ അധികാരം പ്രയോഗിക്കാനും എക്സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിക്കാനും പ്രധാന വിദേശനയ തീരുമാനങ്ങൾ കൈക്കൊള്ളാനും അദ്ദേഹത്തിന് കഴിയും. കൂടാതെ നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരായ വലിയ തോതിലുള്ള സൈനിക നീക്കങ്ങൾ പുനരാരംഭിക്കാമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ തിരിച്ചടി ട്രംപിന്റെ രാഷ്ട്രീയ നിലപാടിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ കോൺഗ്രസിനെ നേരിടാൻ ട്രംപ് സ്വീകരിക്കുന്ന സമീപനം വരും മാസങ്ങളിൽ നിർണായകമാകും.