ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടുള്ള കൂറ്റൻ ബിൽബോർഡുകളും ബാനറുകളും ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ സ്ഥാപിച്ചു. ചൊവ്വാഴ്ച തിരക്കേറിയ എൻഗെലാബ് ചത്വരത്തിലാണ് ട്രംപിനെതിരായ ഭീഷണി സന്ദേശങ്ങളുമായി വലിയ ബിൽബോർഡ് പ്രത്യക്ഷപ്പെട്ടത്. ഇറാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക നിലപാടുകളിലും അമേരിക്കയ്ക്കെതിരായ പരസ്യപ്രചാരണങ്ങളിലും പുതിയൊരു തലത്തിലേക്ക് നീങ്ങുന്നതാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.
‘ഞങ്ങൾ ട്രംപിനെ വധിക്കും’ എന്നായിരുന്നു കൂറ്റൻ ബിൽബോർഡിലെ സന്ദേശം. ജയിലഴിക്കുള്ളിൽ തലകുനിച്ച് നിൽക്കുന്ന ട്രംപിന്റെ ചിത്രവും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. സമീപത്തുള്ള മറ്റൊരു ബിൽബോർഡിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർക്കൊപ്പമുള്ള ട്രംപിന്റെ ചിത്രമാണ് പ്രദർശിപ്പിച്ചത്. മുഖങ്ങളിൽ രക്തം പുരണ്ടതും വസ്ത്രങ്ങൾ കീറിപ്പറിഞ്ഞതുമായ രീതിയിലാണ് ചിത്രങ്ങൾ ഒരുക്കിയിരുന്നത്. പശ്ചാത്തലത്തിൽ പഴകി കീറിയ അമേരിക്കൻ, ഇസ്രയേൽ പതാകകളും കാണാം.
അതേസമയം നിരവധി ആളുകളാണ് ബിൽബോർഡുകൾ കാണാൻ ചത്വരത്തിൽ ഒത്തുകൂടിയത്. ചുവന്ന പതാകകളേന്തിയെത്തിയവർ ‘രക്തം ചിന്തപ്പെടും’ എന്നെഴുതിയ ബാനറുകളും ഉയർത്തി. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ മരണത്തിന് പ്രതികാരം ചെയ്യണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉയർത്തി.
ട്രംപിനെ പരിഹസിക്കുന്നതും അമേരിക്കയ്ക്കെതിരായ യുദ്ധത്തിൽ ഇറാൻ വിജയിച്ചുവെന്ന് അവകാശപ്പെടുന്നതും പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതുമായ പുതിയ ബിൽബോർഡുകളും ചിത്രങ്ങളും അടുത്ത ദിവസങ്ങളിലായി ടെഹ്റാനിലെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
അതേസമയം, മേഖലയിലാകെ വ്യാപിച്ച യുദ്ധം വീണ്ടും ആരംഭിക്കുന്നത് തടയുന്നതിനായി ഇറാനും അമേരിക്കയും തമ്മിൽ ചർച്ചകൾ നടത്താനുള്ള നയതന്ത്ര നീക്കങ്ങൾ ശക്തമായിട്ടുണ്ട്. യുദ്ധം ആഗോളതലത്തിൽ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധികൾക്കും കാരണമായ സാഹചര്യത്തിലാണ് പുതിയ ചർച്ചാശ്രമങ്ങൾ. അമേരിക്കയുമായുള്ള കരാർ സാധ്യമായേക്കുമെന്ന് ട്രംപും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഇറാന്റെ വടക്കൻ മേഖലയിലെ തിരക്കേറിയ തജ്രിഷ് ചത്വരത്തിലും ട്രംപിനെതിരായ ചിത്രങ്ങളുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്. ട്രംപിന്റെ വിവിധ ചിത്രങ്ങൾ ഉൾപ്പെടുത്തിയ തുറന്ന പ്രദർശനത്തിൽ, നിലത്ത് രക്തം പുരണ്ട മുഖവുമായി കിടക്കുന്ന ട്രംപിന്റെ തലയ്ക്ക് മുകളിൽ ഒരാൾ കാൽ അമർത്തിവെച്ചിരിക്കുന്ന ചിത്രവും ഉൾപ്പെടുന്നു. മറ്റൊരു ചിത്രത്തിൽ ബോംബ് ട്രംപിന്റെ മുഖം മറയ്ക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഇതിന് സമീപത്തായി യഥാർഥ വലിപ്പത്തിലുള്ള ജയിൽ സെല്ലിന്റെ മാതൃകയും ഒരുക്കിയിട്ടുണ്ട്. ട്രംപിന്റെ വേഷം ധരിച്ച ഒരാൾ ദിവസം മുഴുവൻ ഈ സെല്ലിനുള്ളിൽ കഴിയുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇറാനെതിരായ അമേരിക്കൻ ആക്രമണങ്ങളിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ തൊട്ടടുത്തുള്ള സ്ക്രീനിൽ പ്രദർശിപ്പിക്കുന്നുമുണ്ട്.
യുദ്ധത്തിനിടെ സ്കൂളും വിവാഹച്ചടങ്ങും ഉൾപ്പെടെയുള്ള സാധാരണക്കാരുടെ കേന്ദ്രങ്ങൾ ട്രംപ് മനഃപൂർവം ലക്ഷ്യമിട്ടെന്നാണ് ഇറാന്റെ ആരോപണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായും ഇറാൻ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ അമേരിക്കയുടെ പ്രതികരണം വ്യക്തമാക്കിയിട്ടില്ല.
1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാനിലെ പൊതുസ്ഥലങ്ങളിൽ സർക്കാർ പിന്തുണയോടെയുള്ള ബിൽബോർഡുകളും ചുമർചിത്രങ്ങളും പതിവാണ്. രാജ്യത്തിന്റെ സഖ്യകക്ഷികളെ ആദരിക്കാനും സൈനിക നേതാക്കളെ പ്രകീർത്തിക്കാനും രാഷ്ട്രീയ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും ഇത്തരം ചിത്രങ്ങൾ ഉപയോഗിച്ചുവരുന്നു. പ്രത്യേകിച്ച് അമേരിക്കയെയും ഇസ്രയേലിനെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ സന്ദേശങ്ങൾ ഇറാനിലെ പൊതുസ്ഥലങ്ങളിൽ പതിവായി പ്രദർശിപ്പിക്കാറുണ്ട്.