കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് നേരെ സന്ദർശക സംഘത്തിന്റെ മർദനം. ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപത്താണ് സംഭവം. കടലിൽ ഇറങ്ങി അപകടകരമായ രീതിയിൽ കളിക്കുന്നത് തടഞ്ഞ് മുന്നറിയിപ്പ് നൽകിയതാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്ന് ലൈഫ് ഗാർഡുകൾ പറഞ്ഞു.
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അപകടസാധ്യത ചൂണ്ടിക്കാട്ടി ലൈഫ് ഗാർഡുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വീണ്ടും കടലിൽ ഇറങ്ങിയ സംഘം മുന്നറിയിപ്പ് അവഗണിച്ചതോടെ ലൈഫ് ഗാർഡുകൾ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഹോം ഗാർഡിനെ വിവരമറിയിച്ചു. ഇതിൽ പ്രകോപിതരായാണ് സംഘം ആക്രമണം നടത്തിയതെന്നാണ് ലൈഫ് ഗാർഡുകളുടെ ആരോപണം.
ബിയർ കുപ്പി ഉപയോഗിച്ചും ലൈഫ് ഗാർഡുകളെ മർദിച്ചതായാണ് വിവരം. നാട്ടുകാർ ഇടപെട്ടെങ്കിലും ആക്രമണം തടയാനായില്ല. സംഘത്തെ തടയാൻ ശ്രമിച്ച നാട്ടുകാരിൽ ചിലർക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയവരിൽ പ്രധാനികളെന്ന് പറയപ്പെടുന്ന ചിലർ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും ആരോപണമുണ്ട്. സംഘത്തിലുള്ളവർ കർണാടക സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.