തിരുവനന്തപുരം: അനിയനുമൊത്ത് സ്‌കൂളിലേക്ക് പോവുകയായിരുന്ന പതിനാലുകാരിയെ അച്ഛന്റെ സുഹൃത്തെന്ന വ്യാജേന തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 40000 രൂപ പിഴയും. പത്തനംതിട്ട പന്തളം സ്വദേശി സദ്ദാം ഹുസൈൻ (കിച്ചാമണി – 35) എന്നയാൾക്കാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള തടവും പിഴയും നൽകി ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നു വർഷവും ഒൻപത് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിന്യായത്തിൽ പറയുന്നു. 2025 ജനുവരി 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവദിവസം രാവിലെ 7.45-ഓടെ അനുജന്റെയൊപ്പം സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്നു അതിജീവിത. ഇവരുടേ അടുത്തേക്ക് ബൈക്കിലെത്തിയ പ്രതി, താൻ കുട്ടികളുടെ അച്ഛന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തുകയും സ്‌കൂളിൽ കൊണ്ടുചെന്നാക്കാം എന്ന് പറഞ്ഞു ബൈക്കിൽ കയറ്റുകയും ചെയ്തു. അനുജനെ പാതിവഴിയിൽ ഇറക്കിയശേഷം ചോക്ലേറ്റ് വാങ്ങിത്തരാം എന്നുപറഞ്ഞ് ഇയാൾ പെൺകുട്ടിയെ കടയിൽ കൊണ്ടുപോയി. ചോക്ലേറ്റ് വാങ്ങി നൽകിയ ശേഷം തിരികെ കൊണ്ടുവിടുന്നതിനിടെ ഒരിടവഴിയിൽ നിർത്തി കുട്ടിയോട് ലൈഗീകാതിക്രമം നടത്തുകയായിരുന്നു. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് പറഞ്ഞ് കുട്ടിയ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് തിരിച്ചെത്തി അനിയനെയും കയറ്റി സ്‌കൂളിൽ കൊണ്ടുവിട്ടു. വീട്ടുകാരുടെ സമ്മതമില്ലാതെ മറ്റൊരാളുടെ ബൈക്കിൽ കയറിയതിന് വീട്ടുകാർ വഴക്ക് പറയുമെന്നും പ്രതിയുടെ ഭീഷണിയും ഭയന്ന് കുട്ടി സംഭവം പുറത്തുപറഞ്ഞില്ല. മാനസികമായി തകർന്ന കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കൂട്ടുകാരി ചോദിച്ചപ്പോൾ മാത്രമാണ് 14-കാരി സംഭവം തുറന്നു പറഞ്ഞത്.
കൂട്ടുകാരി ഉടൻതന്നെ വിവരം അധ്യാപകരെ അറിയിച്ചു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. സമാനമായ മറ്റൊരു കേസും പ്രതിക്കെതിരെ ഇതേ കോടതിയിൽ വിചാരണ നടക്കുന്നുണ്ട്. 12-കാരിയെ അശ്ലീല ചിത്രങ്ങൾ കാണിച്ച് പീഡിപ്പിച്ച കേസിൽ കരുനാഗപ്പള്ളി കോടതി പ്രതിയെ നേരത്തെ ശിക്ഷിച്ചിട്ടിണ്ട്. ആ വിധി പകർപ്പും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഭിഭാഷകാരായ ബിന്ദു വി.സി., സുരഭി പി. എന്നിവർ ഹാജരായി. തുമ്പ പോലീസ് ഇൻസ്പെക്ടർ ബിനു ആർ., സബ് ഇൻസ്‌പെക്ടർ ബിജു ആർ. എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്. 31 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ, 41 രേഖകളും എട്ട് തൊണ്ടിമുതലും ഹാജരാക്കി.