അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ അമിതവേഗത്തിലെത്തിയ ടൊയോട്ട ഫോർച്യൂണർ കാർ ഫുട്പാത്തിൽ വിശ്രമിക്കുകയായിരുന്ന കുടുംബത്തിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ അമ്മയും മകനും കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അഹമ്മദാബാദിലെ നിക്കോൾ മേഖലയിലാണ് ദാരുണമായ അപകടം ഉണ്ടായത്.
ദേവാഷ്യ സ്കൂളിന് സമീപമായിരുന്നു അപകടം. ഫുട്പാത്തിൽ വിശ്രമിക്കുകയായിരുന്ന കുടുംബാംഗങ്ങൾക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ഫോർച്യൂണർ കാർ പാഞ്ഞുകയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ പൂനംബെൻ നാഗ്വാഡിയ (30), മകൻ സാഗർ നാഗ്വാഡിയ (15) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
കുടുംബത്തിലെ മറ്റ് രണ്ട് അംഗങ്ങളായ കാർത്തിക് വാസോയ (34), ഭാര്യ സ്നേഹൽബെൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപകടത്തിന് പിന്നാലെ കാർ ഓടിച്ചിരുന്ന വിരൽഭായ് സാവ്ജിഭായ് ചൗധരി (36)യെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിൽ നടത്തിയ പരിശോധനയിൽ തുറക്കാത്ത ആറ് ബിയർ കാനുകൾ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. അപകടസമയത്ത് ഇയാൾ മദ്യപിച്ചിരുന്നോയെന്ന് സ്ഥിരീകരിക്കുന്നതിനായി വൈദ്യപരിശോധനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇയാളുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ വ്യക്തത വരിക.
സംഭവത്തിൽ പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യ, അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കൽ, ഗുരുതരമായ പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മോട്ടോർ വാഹന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
ഇതിനുപുറമെ, വാഹനത്തിൽ നിന്ന് മദ്യം കണ്ടെത്തിയതിനെ തുടർന്ന് ഗുജറാത്ത് നിരോധന നിയമപ്രകാരം നിക്കോൾ പൊലീസ് സ്റ്റേഷനിൽ പ്രത്യേക കേസും രജിസ്റ്റർ ചെയ്തു. ഗുജറാത്തിൽ മദ്യത്തിന്റെ വിൽപ്പനയും ഉപയോഗവും നിയന്ത്രിക്കുന്ന നിയമമാണ് ഗുജറാത്ത് പ്രൊഹിബിഷൻ ആക്ട്.
അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. അപകടസ്ഥലത്തുനിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ഫോറൻസിക് പരിശോധനാ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയുമാണെന്ന് പോലീസ് അറിയിച്ചു.