ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും രൂക്ഷമായി തുടരുന്നതിനിടെ, പുതിയ ആയുധങ്ങൾ വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ചതായി വെളിപ്പെടുത്തി ഇറാൻ. കഴിഞ്ഞ രണ്ടുവർഷത്തിനിടെ രാജ്യം നിർമിക്കുകയും പരീക്ഷിക്കുകയും ചെയ്ത പുതിയ ആയുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. ഏത് സാഹചര്യവും നേരിടാൻ ഇറാൻ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഇറാനുമേൽ ആണവായുധം പ്രയോഗിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയ്ക്കുമേൽ സമ്മർദം ചെലുത്തുന്നുണ്ടെന്ന ആരോപണവുമായി യുഎസ് മാധ്യമപ്രവർത്തകൻ ടക്കർ കാൾസൻ രംഗത്തെത്തി. ഇറാനെതിരായ ആണവാക്രമണം ആഗോള ആണവയുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആണവാക്രമണം ഉണ്ടായാൽ മേഖലയിലെ ഏകദേശം പത്തുകോടി ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകൾ മലിനമാകാൻ സാധ്യതയുണ്ടെന്നും പേർഷ്യൻ ഗൾഫ് മേഖലയെ മുഴുവൻ ഇത് ഗുരുതരമായി ബാധിക്കുമെന്നും കാൾസൻ ചൂണ്ടിക്കാട്ടി. എന്നാൽ, നെതന്യാഹു അമേരിക്കയ്ക്കുമേൽ ആണവാക്രമണത്തിന് സമ്മർദം ചെലുത്തുന്നുവെന്ന ആരോപണത്തിന് സ്വതന്ത്ര സ്ഥിരീകരണമില്ല.
ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ 24 മണിക്കൂറിനിടെ രണ്ട് കപ്പലുകൾക്കുനേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. സൗദി അറേബ്യൻ തീരത്തും ആക്രമണം റിപ്പോർട്ട് ചെയ്തു. വടക്കുകിഴക്കൻ സൗദിയിലെ റാസ് അൽ ഖഫ്ജി തുറമുഖത്തിന് സമീപം സഞ്ചരിച്ചിരുന്ന കപ്പലിൽ രണ്ട് പ്രൊജക്ടൈലുകൾ പതിച്ചതായാണ് വിവരം. സംഭവങ്ങളിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.