കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കേസിൽ തൊപ്പിക്കെതിരെ കുറ്റം നിലനിൽക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റൂറൽ സൈബർ പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് തൊപ്പിയുടെ പ്രതികരണം. ഇവർ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും തൊപ്പി പറഞ്ഞിരുന്നു.
ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ ശ്രദ്ധ നേടിയത്. തുടക്കംമുതൽ ഇവർ ഉപയോഗിച്ചിരുന്ന ഭാഷയും ഉള്ളടക്കവും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, സമൂഹമാധ്യമങ്ങളിൽ വലിയൊരു വിഭാഗം ഇവരെ പിന്തുടർന്നു. പിന്നീട് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്യപ്പെടുകയും ചെയ്തു. യൂട്യൂബ്, ഗെയിമിങ് വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സുഹൃത്തുക്കളായിരുന്നവർക്കിടയിലെ പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് വിവരം.
അതിനിടെ, സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ തൊപ്പിയുടെ മുൻ കൂട്ടാളിയായ മമ്മു എന്ന മുഹമ്മദ് മമ്മുവും അറസ്റ്റിലായിരുന്നു. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലായിരുന്നു നടപടി. ഈ കേസിൽ തൊപ്പിയും ഒന്നാം പ്രതിയാണ്.
‘Mrz Shameer’ എന്ന യൂട്യൂബ് ചാനലിൽ ജൂൺ 10-ന് രാത്രി നടത്തിയ ലൈവ് സ്ട്രീമിങ്ങിനിടെ ചാനൽ ഉടമയായ ഷമീർ, ജാസി, മമ്മു എന്നിവർ ചേർന്ന് അശ്ലീലവും ലൈംഗികചുവയുള്ളതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. തൊപ്പിയുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെയായിരുന്നു മമ്മുവിന്റെ ലൈവ് സ്ട്രീമിങ്. പരാതിക്കാരിയായ മഞ്ചേരി സ്വദേശിനിക്കെതിരെ തൊപ്പി നേരത്തേ നടത്തിയ അശ്ലീല പരാമർശങ്ങൾ ഉൾപ്പെട്ട വീഡിയോ ദൃശ്യങ്ങളും ഓഡിയോയും ഉപയോഗിച്ചായിരുന്നു ലൈവ് നടത്തിയതെന്നും പരാതിയിൽ പറയുന്നു.