പാലക്കാട്: അലനല്ലൂരിൽ പ്ലാസ്റ്റിക് ചാക്കുകൾ കൂട്ടിയിട്ട ഭാഗത്തുകൂടി കയറി റൂഫിന് മുകളിലെത്തിയ രണ്ടുവയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. അലനല്ലൂർ ടൗണിൽനിന്ന് ഒരു കിലോമീറ്ററോളം അകലെ എസ്റ്റേറ്റുംപടി പ്രദേശത്താണ് ഇന്നലെ വൈകിട്ട് സംഭവം.
പ്രദേശത്തെ പ്ലാസ്റ്റിക് കമ്പനിയിലെ തൊഴിലാളികൾ ജോലി പൂർത്തിയാക്കി മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് രണ്ടുവയസ്സുകാരിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്ക് സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് ചാക്കുകൾക്കിടയിലൂടെ കയറി കുട്ടി റൂഫിന് മുകളിലെത്തിയതായി കണ്ടെത്തിയത്.
സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന നിർമാണത്തൊഴിലാളി ശിഹാബുദ്ദീന്റെ സമയോചിത ഇടപെടലാണ് കുട്ടിയെ സുരക്ഷിതമായി താഴെയെത്തിക്കാൻ സഹായിച്ചത്. റൂഫിന് മുകളിലെത്തിയ അദ്ദേഹം കുട്ടിയെ രക്ഷപ്പെടുത്തി താഴെയിറക്കുകയായിരുന്നു. കൃത്യസമയത്ത് കുട്ടിയെ കണ്ടെത്താനും രക്ഷപ്പെടുത്താനും കഴിഞ്ഞതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.