ഗാന്ധിനഗർ: പശുഹത്യ നടത്തുന്ന പ്രതികളെ നിയമപ്രകാരം കർശനമായി ശിക്ഷിച്ചില്ലെങ്കിൽ കാലക്രമേണ ഭൂമുഖത്തുനിന്ന് ‘ഗോമാതാവ്’ തന്നെ ഇല്ലാതായിപ്പോകുമെന്ന് നിരീക്ഷിച്ച് ഗുജറാത്തിലെ സെഷൻസ് കോടതി. പശുഹത്യ കേസിൽ കുറ്റക്കാരായ മൂന്ന് പേർക്ക് ഗുജറാത്തിലെ കലോൽ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പ്രതികൾക്ക് രണ്ട് ലക്ഷം രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. ഗുജറാത്ത് അനിമൽ പ്രിസർവേഷൻ ആക്ട്, 1954 പ്രകാരമുള്ള മറ്റൊരു കുറ്റത്തിന് പ്രതികൾക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.
ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. 277 കിലോഗ്രാം ബീഫ് പിടിച്ചെടുത്ത കേസിലാണ് അഡീഷണൽ സെഷൻസ് ജഡ്ജി ബ്രിജേഷ്കുമാരി രമേശ്വർസിൻഹ് രജ്പുത് സുപ്രധാന വിധി പ്രസ്താവിച്ചത്. ഗുജറാത്തി ഭാഷയിൽ തയ്യാറാക്കിയ 76 പേജുള്ള വിധിന്യായത്തിൽ മനുസ്മൃതിയും വേദങ്ങളും ഉൾപ്പെടെയുള്ള ഹൈന്ദവ ഗ്രന്ഥങ്ങൾ പരാമർശിച്ചുകൊണ്ട് പശുവിന്റെ മതപരവും സാംസ്കാരികവുമായ പ്രാധാന്യം കോടതി വിശദമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനുസ്മൃതി പശുവിനെ കേവലം ഒരു മൃഗമായി മാത്രമല്ല, സമൂഹത്തിന്റെയും മതത്തിന്റെയും ഒരു ‘തൂണായി’ തന്നെയാണ് അടയാളപ്പെടുത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു. കാലികളെ സംരക്ഷിക്കേണ്ടതിന്റെയും പശുക്കളെ പരിപാലിക്കേണ്ടതിന്റെയും ഉത്തരവാദിത്തത്തെക്കുറിച്ചും ഹൈന്ദവ മതഗ്രന്ഥങ്ങളിൽ കൽപ്പിച്ചിട്ടുള്ള പവിത്രതയെക്കുറിച്ചും വിധിന്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്.
പശുവിനെ കൊല്ലാൻ പാടില്ലാത്തത് എന്നർത്ഥം വരുന്ന ‘അധന്യ’ എന്നാണ് ഋഗ്വേദത്തിൽ വിശേഷിപ്പിച്ചിരിക്കുന്നതെന്നും കോടതി എടുത്തുപറഞ്ഞു. കൂടാതെ, ദേവതകളുടെ മാതാവായും വിശുദ്ധ യജ്ഞങ്ങളുടെ കാരണമായും പുണ്യതീർത്ഥമായും പശുവിനെ വാഴ്ത്തുന്ന സംസ്കൃത ശ്ലോകവും വിധിന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്: