തിരുവനന്തപുരം: യുവാവ് നടു റോഡിൽ വച്ച് ആക്രമിക്കപ്പെട്ടത് പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന ഭാര്യക്ക് ഭക്ഷണം വാങ്ങി നൽകിയ ശേഷം രാത്രി വീട്ടിലേക്കു മടങ്ങുമ്പോഴെന്ന് നെയ്യറ്റിൻകര മൺവിളയിൽ കഴിഞ്ഞ ദിവസം പുലർച്ചെ വെട്ടേറ്റ പ്രദീപ്. മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ കയ്യിലും നെഞ്ചിലും വയറിലും മുതുകിലുമായി വെട്ടേറ്റ പ്രദീപ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ‘‘വീടിന് 500 മീറ്റർ അടുത്തെത്തിയപ്പോഴാണു മൂന്നുപേർ റോഡിനു നടുവിൽ നിൽക്കുന്നതു കണ്ടത്. അവർ ആദ്യം കാർ തടഞ്ഞുനിർത്തി പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. കാറിൽനിന്ന് ഇറങ്ങിയപ്പോൾ പരസ്പരം വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ ഒരാൾ വാളെടുത്ത് വെട്ടുകയായിരുന്നു’’.
‘‘കൂടെയുണ്ടായിരുന്ന ഒരാൾ പിടിച്ചുനിർത്തിക്കൊടുത്തു. മൂന്നുപേർ ഉണ്ടായിരുന്നതിനാൽ രൂക്ഷമായ ആക്രമണമാണു തനിക്കുനേരെയുണ്ടായത്. അതിനിടയിൽ അവരെ ഒരുവിധത്തിൽ തട്ടിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് അടുത്തുള്ള ക്ഷേത്രത്തിലെത്തി അവിടെനിന്നാണ് പോലീസിനെയും ഒരു സുഹൃത്തിനെയും വിളിച്ചു വിവരം പറഞ്ഞത്. സുഹൃത്ത് എത്തിയ ശേഷമാണ് നെയ്യാറ്റിൻകര ആശുപത്രിയിൽ പോയത്. തിരിച്ചു വീട്ടിലേക്കു പോകുമ്പോഴാണ് എന്റെ കാർ പൂർണമായി കത്തിച്ചത് കണ്ടത്. ആർക്കും ഒരു ദ്രോഹവും ചെയ്യാതെ ജീവിക്കുന്ന എന്നെ ഒരു പരിചയവുമില്ലാത്ത ആളുകൾ അപ്രതീക്ഷിതമായാണ് ഇത്തരത്തിൽ ക്രൂരമായി ഉപദ്രവിച്ചിരിക്കുന്നത്. അക്രമികൾ ആരായിരുന്നാലും അവരെ കണ്ടെത്തി ശിക്ഷിക്കണം’’ – പ്രദീപ് പറഞ്ഞു.
അതേസമയം, പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവരാണ് അക്രമികൾ എന്നാണു കരുതുന്നതായി മാരായമുട്ടം പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം സ്ഥലത്തുനിന്നു മുങ്ങിയ മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. രാത്രി മദ്യപിക്കുന്നതിനിടെ അതു ചോദ്യം ചെയ്തതാവാം പ്രകോപനത്തിനു കാരണമെന്നാണു പോലീസ് കരുതുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് നെയ്യാറ്റിൻകര കൊല്ലയിൽ കൊടവിളാകത്തു വച്ച് ആക്രമണം ഉണ്ടായത്. വീട്ടിലേക്കു വരികയായിരുന്ന പ്രദീപ്, നടുറോഡിൽനിന്നവരോട് മാറാൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. പ്രദീപിന്റെ കയ്യിലും നെഞ്ചിലും വയറിലും മുതുകിലുമായി 12 മുറിവുകളുണ്ട്. ഇതിനു ശേഷമാണ് പ്രദീപ് സഞ്ചരിച്ച കാർ അക്രമികൾ കത്തിക്കുകയും ചെയ്തു. കാർ പൂർണമായും കത്തിനശിച്ചു.