കോടഞ്ചേരി: പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാനെത്തിയ രണ്ട് മക്കളിൽ ഒരാൾ കുത്തേറ്റു മരിച്ചു. നൂറാംതോട് ചാമുണ്ടയിൽ നടന്ന സംഘർഷത്തിൽ നൂറാംതോട് സ്വദേശി ചെങ്ങനാത്ത് ജിതിൻ (29) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയുൾപ്പെടെ മൂന്നുപേർക്ക് കുത്തേറ്റു. ജിതിന്റെ സഹോദരൻ ജിബിൻ (20), വട്ടച്ചിറ സ്വദേശി കക്കട്ടിൽ പട്ടർ സുരേഷ് (45) എന്നിവർക്ക് പരുക്കേറ്റു. ഇരുവരെയും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുത്തേറ്റു ചികിത്സ തേടിയ പ്രതി ചാമുണ്ടയിൽ കാറ്റോട്ടുമല ബിജുവിനെ (48) താമരശ്ശേരിയിലെ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാക്കി.
ഇന്നലെ വൈകിട്ട് 6.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. വട്ടച്ചിറ സ്വദേശി സുരേഷിന്റെ ബൈക്ക് തകരാറിലായതിനെ തുടർന്ന് ജിതിന്റെ പിതാവ് ഷാജി നൂറാംതോട്ടിൽനിന്ന് സുരേഷിനെ വീട്ടിലെത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിജുവും സുരേഷും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ ബിജു സുരേഷിനെ കുത്തിപ്പരുക്കേൽപിച്ചെന്നാണ് പോലീസ് പറയുന്നത്.
തുടർന്ന് അവിടെനിന്ന് രക്ഷപ്പെട്ട ബിജു നൂറാംതോട്ടിലെത്തി ഷാജിയെ തിരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നു. പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാനായി മക്കളായ ജിതിനും ജിബിനും ബിജുവിനെ അന്വേഷിച്ച് ചാമുണ്ടയിലെത്തി. അവിടെവെച്ച് മൂവരും തമ്മിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായി. ഇതിനിടെ ബിജു ജിതിനെയും ജിബിനെയും കുത്തിപ്പരുക്കേൽപിച്ചെന്നാണ് പോലീസിന്റെ വിശദീകരണം.
കുത്തേറ്റു വീണ സഹോദരങ്ങളെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജിതിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.