മാഡ്രിഡ്: സ്പെയിനിൽ ഒരേദിശയിൽ വന്ന രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറഞ്ഞത് 30 പേർ മരിച്ചു. ബുധനാഴ്ച രാവിലെ രാജ്യത്തിന്റെ മധ്യഭാഗത്തുള്ള ടൊളീഡോ പ്രവിശ്യയിലെ ഉർദയ്ക്ക് സമീപമാണ് അപകടമുണ്ടായത്. നിരവധി യാത്രക്കാർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
അപകടത്തെത്തുടർന്ന് മാഡ്രിഡിൽനിന്ന് സിയുഡാഡ് റിയൽ, ആൻഡലൂഷ്യ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. അപകടം സ്ഥിരീകരിച്ച സ്പെയിനിലെ റെയിൽവേ അടിസ്ഥാനസൗകര്യങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള സ്ഥാപനമായ എഡിഐഎഫ് (ADIF), അപകടം ബാധിച്ച റൂട്ടുകളിലെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചതായി അറിയിച്ചു.
സ്പെയിനിലെ പൊതുമാധ്യമമായ ടിവിഇയുടെ റിപ്പോർട്ട് പ്രകാരം ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന രണ്ട് അതിവേഗ ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. പിന്നിലുണ്ടായിരുന്ന ട്രെയിൻ മുന്നിലുണ്ടായിരുന്ന ട്രെയിനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് കോച്ചുകൾ പാളം തെറ്റി.
അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനും പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുമായി രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരന്തബാധിതരായ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധ സർക്കാർ വകുപ്പുകളും അടിയന്തര സേവന വിഭാഗങ്ങളും ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രംഗത്തെത്തി. ഗുരുതരമായ ട്രെയിൻ അപകടമാണ് ഉണ്ടായതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അപകടത്തിൽപ്പെട്ടവരെ സഹായിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര സേവന വിഭാഗങ്ങൾ സ്ഥലത്ത് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും ഐക്യദാർഢ്യവും പിന്തുണയും അറിയിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. അപകടത്തെക്കുറിച്ച് അറിഞ്ഞതിനു പിന്നാലെ കാസ്റ്റില്ല-ലാ മാഞ്ച മേഖലയുടെ പ്രസിഡന്റ് എമിലിയാനോ ഗാർസിയ-പേജ് അപകടസ്ഥലത്തേക്ക് തിരിച്ചതായി എക്സിലെ കുറിപ്പിലൂടെ അറിയിച്ചു.
റെയിൽവേ സുരക്ഷയിൽ വീണ്ടും ആശങ്ക
സ്പെയിനിലെ റെയിൽവേ ശൃംഖലയുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ അപകടം. ഈ വർഷം ജനുവരിയിൽ തെക്കൻ സ്പെയിനിലുണ്ടായ മറ്റൊരു ട്രെയിൻ ദുരന്തത്തിൽ 45 പേർ മരിച്ചിരുന്നു. അന്ന് ഒരു ട്രെയിൻ പാളം തെറ്റി എതിർദിശയിൽ വന്ന ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
2013-ൽ 80 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിനുശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ റെയിൽ ദുരന്തമായിരുന്നു ജനുവരിയിലേത്. ആ അപകടം സ്പെയിനിലെ വിപുലമായ അതിവേഗ റെയിൽവേ ശൃംഖലയുടെ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഇതിനുപിന്നാലെ വീണ്ടും രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം രാജ്യത്തെ റെയിൽവേ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കിയിരിക്കുകയാണ്. ബുധനാഴ്ചയുണ്ടായ അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.