വെല്ലിങ്ടൺ: ആദ്യ പന്തു മുതൽ നയം വ്യക്തമാക്കിയായിരുന്നു ഓപ്പണർ അഭിഷേക് ശർമയുടെ ബാറ്റുവീശൽ. അഭിഷേകിന്റെ മികവിൽ ന്യൂസീലൻഡിനെതിരായ മൂന്നാം ടി20-യിൽ അനായാസ ജയവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ. ന്യൂസീലൻഡ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം വെറും 13.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. വെറും 15 പന്തിൽ നിന്ന് അർധ സെഞ്ചുറിയും 35 പന്തിൽ നിന്ന് സെഞ്ചുറിയും തികച്ച അഭിഷേക് ശർമ 38 പന്തിൽ നിന്ന് 11 സിക്‌സും ഒമ്പത് ഫോറുമടക്കം 113 റൺസെടുത്ത് പുറത്തായി. അതേസമയം രണ്ടു മത്സരം ശേഷിക്കേ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (3-0).
തുടക്കം തകർത്തടിച്ച കൗമാര താരം വൈഭവ് സൂര്യവംശി വെറും 19 പന്തിൽ നിന്ന് നാലു വീതം സിക്‌സും ഫോറുമടക്കം 45 റൺസെടുത്തു. അഭിഷേകും വൈഭവും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ വെറും 43 പന്തിൽ നിന്ന് 133 റൺസാണ് അടിച്ചെടുത്തത്.
ഇരുവരും തകർത്തടിച്ചതോടെ വെറും ആറ് ഓവറിൽ ഇന്ത്യൻ സ്‌കോർ 118 റൺസിലെത്തി. 2.2 ഓവറിൽ ഇന്ത്യൻ സ്‌കോർ 50 കടന്നു. ഇതോടെ അന്താരാഷ്ട്ര ടി20-യിൽ ഏറ്റവും വേഗത്തിൽ 50 റൺസിലെത്തുന്ന ടീമെന്ന റെക്കോഡ് റൊമാനിയ, പാപ്പുവ ന്യൂ ഗിനിയ എന്നിവർക്കൊപ്പം ഇന്ത്യ സ്വന്തമാക്കി. അഞ്ച് ഓവറിൽ ഇന്ത്യൻ സ്‌കോർ 100-ൽ എത്തി. ഇതോടെ അന്താരാഷ്ട്ര ടി20-യിൽ ഏറ്റവും വേഗത്തിൽ 100 റൺസ് അടിച്ചെടുക്കുന്ന ടീം എന്ന റെക്കോഡും ഇന്ത്യയുടെ പേരിലായി. പവർപ്ലേയിൽ 118 റൺസെടുത്ത ഇന്ത്യ, അന്താരാഷ്ട്ര ടി20-യിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്‌കോർ എന്ന റെക്കോഡും തൂക്കി.
45 റൺസെടുത്ത് വൈഭവ് പുറത്തായതിനു പിന്നാലെയെത്തിയ സഞ്ജു സാംസണെ കൂട്ടുപിടിച്ച് അഭിഷേക് 17 പന്തിൽ നിന്ന് 45 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു. സഞ്ജു (13 പന്തിൽ 18), ശ്രേയസ് അയ്യർ (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
അതേസമയം നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തിരുന്നു. അർധ സെഞ്ചുറിയുമായി പുറത്താകാതെനിന്ന ഡാരിൽ മിച്ചലിന്റെ ഇന്നിങ്‌സാണ് കിവീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. 52 പന്തുകൾ നേരിട്ട മിച്ചൽ അഞ്ചു വീതം സിക്‌സുകളും ഫോറുകളുമുൾപ്പടെ 89 റൺസോടെ പുറത്താകാതെ നിന്നു. ടി20-യിൽ താരത്തിന്റെ ഉയർന്ന സ്‌കോറാണിത്.