ജയ്പുർ: 15 ഗ്രാം തൂക്കം രേഖപ്പെടുത്തിയ ലേസ് പൊട്ടറ്റോ ചിപ്സ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം നൽകിയ സംഭവത്തിൽ നിർമാതാക്കളായ പെപ്‌സികോ ഇന്ത്യയ്ക്ക് പിഴ ചുമത്തി ജയ്പുർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ജയ്പുരിലെ വ്യാപാരി ചന്ദ്രമൻ ജലാൻ നൽകിയ പരാതിയിലാണ് കമ്മിഷന്റെ നടപടി.
2020 നവംബർ 10ന് മെട്രോ കാഷ് ആൻഡ് കാരി ഔട്ട്‌ലെറ്റിൽനിന്ന് വാങ്ങിയ ലേസ് ചിപ്സ് പാക്കറ്റ് തുറന്നപ്പോഴാണ് ഭാരക്കുറവ് ശ്രദ്ധയിൽപ്പെട്ടത്. പാക്കറ്റിൽ 15 ഗ്രാം എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും തൂക്കിനോക്കിയപ്പോൾ ചിപ്സ് വെറും നാല് ഗ്രാം മാത്രമാണെന്ന് കണ്ടെത്തി. വിവരം കടയുടമയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് 2022 ഏപ്രിലിൽ ജലാൻ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.
ചിപ്സ് പാക്കറ്റിന്റെ വിലയായ അഞ്ച് രൂപ 2022 ഏപ്രിൽ ആറുമുതൽ ആറു ശതമാനം വാർഷിക പലിശ സഹിതം പരാതിക്കാരന് തിരികെ നൽകണമെന്ന് കമ്മിഷൻ ഉത്തരവിട്ടു. മാനസിക ബുദ്ധിമുട്ടുകൾക്കുള്ള നഷ്ടപരിഹാരമായി 5,000 രൂപയും കേസ് ചെലവായി 3,000 രൂപയും ഉൾപ്പെടെ 8,000 രൂപ പെപ്‌സികോ നൽകണം. ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്നും ഉത്തരവിൽ വ്യക്തമാക്കി.
അശോക് ശർമ പ്രസിഡന്റും അജയ് കുമാർ, സുപ്രിയ അഗർവാൾ എന്നിവർ അംഗങ്ങളുമായ കമ്മിഷനാണ് കേസ് പരിഗണിച്ചത്. ഉത്പന്നത്തിന്റെ ഭാരക്കുറവിന്റെ ഉത്തരവാദിത്തം നിർമാതാക്കൾക്കാണെന്ന വാദവും കമ്മിഷൻ അംഗീകരിച്ചു. നോട്ടീസ് അയച്ചിട്ടും പെപ്‌സികോ ഹാജരാകാതിരുന്നതിനെത്തുടർന്നാണ് കമ്പനിയുടെ വാദം കേൾക്കാതെ ഏകപക്ഷീയമായി വിധി പ്രസ്താവിച്ചത്.