ചേരാനല്ലൂർ: കണ്ടെയ്നർ റോഡിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പൊലീസ് നടപടികളിൽ ദുരൂഹത ആരോപിച്ച് മക്കളും ബന്ധുക്കളും. അപകടത്തിനു പിന്നാലെ കാർ ഓടിച്ച 17 കാരന്റെ പിതാവിന്റെ ഔദ്യോഗിക ബോർഡ് പൊലീസ് തന്നെ വാഹനത്തിൽനിന്ന് നീക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. അപകടത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതായും ഇവർ പരാതിപ്പെട്ടു.
കാർ ഓടിച്ച പതിനേഴുകാരനെ ആദ്യം സ്റ്റേഷൻ ജാമ്യത്തിലും പിന്നീട് ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുവദിച്ച ജാമ്യത്തിലും വിട്ടയച്ചതിനു പിന്നിൽ വഴിവിട്ട ഇടപെടലുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. കുട്ടിയുടെ പിതാവായ ജഡ്ജിക്കെതിരെ നിയമനടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ കൈമാറിയില്ലെന്നും മക്കളും ബന്ധുക്കളും പറയുന്നു.
ഇതോടെയാണ് കുടുംബാംഗങ്ങൾ ഇന്നലെ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധം ആരംഭിച്ചത്. സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്കൊടുവിലും പരിഹാരമായില്ല. മാധ്യമപ്രവർത്തകരും നാട്ടുകാരും വിവിധ സംഘടനാ പ്രവർത്തകരും സ്റ്റേഷനു മുന്നിൽ ഒത്തുകൂടിയെങ്കിലും ആരോപണങ്ങളിൽ വ്യക്തമായ മറുപടി നൽകാൻ പൊലീസിനായില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
നാളെ ചിതാഭസ്മം പുഴയിൽ ഒഴുക്കുന്നതിനു മുൻപ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് മക്കളുടെയും ബന്ധുക്കളുടെയും ആവശ്യം. നടപടിയുണ്ടാകുന്നതുവരെ സ്റ്റേഷനു മുന്നിൽ പ്രതിഷേധം തുടരാനാണ് ഇവരുടെ തീരുമാനം.
അതേസമയം, അപകടസമയത്ത് കാർ ഓടിച്ചിരുന്ന പതിനേഴുകാരന്റെ മുടി, രക്തം, മൂത്രം എന്നിവ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ കുട്ടി മദ്യപിച്ചതിനോ ലഹരിവസ്തുക്കൾ ഉപയോഗിച്ചതിനോ തെളിവുകൾ ലഭിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനയിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് സാമ്പിളുകൾ അയച്ചത്. ലഹരി ഉപയോഗം സ്ഥിരീകരിച്ചാൽ കൂടുതൽ വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ ചിറ്റൂരുകാർക്ക് മാത്രമല്ല, ആ വഴി സഞ്ചരിക്കുന്ന രാത്രിയാത്രക്കാർക്കും സുപരിചിതനായിരുന്നു. ചിറ്റൂർ അമ്പലത്തിനു സമീപം ഒരു ദശാബ്ദം മുൻപാണ് അദ്ദേഹം ദോശക്കട ആരംഭിച്ചത്. ചൂടുദോശയും ചമ്മന്തിയും ഓംലെറ്റുമായിരുന്നു കടയിലെ പ്രധാന വിഭവങ്ങൾ. ചെറിയ തട്ടുകടയായിരുന്നെങ്കിലും ഒരിക്കൽ ഭക്ഷണം കഴിച്ചവർ വീണ്ടും ജയബാലകൃഷ്ണന്റെ കടയിലേക്ക് എത്തിയിരുന്നുവെന്ന് നാട്ടുകാർ ഓർക്കുന്നു.
ചേരാനല്ലൂർ സെന്റ് ജെയിംസ് പള്ളിക്കു മുന്നിലും ജയബാലകൃഷ്ണന് കടയുണ്ടായിരുന്നു. ബന്ധുക്കളിൽ ഭൂരിഭാഗവും ചിറ്റൂർ മേഖലയിലാണ് താമസം. ഇവിടെ ജയബാലകൃഷ്ണന് വീടുണ്ടെങ്കിലും മകനായിരുന്നു അവിടെ താമസിച്ചിരുന്നത്. ജയബാലകൃഷ്ണനും ഭാര്യയും മറ്റു രണ്ടു മക്കളും മാഞ്ഞാലിയിലെ വീട്ടിലായിരുന്നു താമസം.
രാത്രിയിലെ കച്ചവടം കഴിഞ്ഞ് മാഞ്ഞാലിയിലെ വീട്ടിലേക്ക് മടങ്ങുന്നതായിരുന്നു പതിവ്. അത്തരമൊരു മടക്കയാത്രയ്ക്കിടെയാണ് അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് ജയബാലകൃഷ്ണന് ജീവൻ നഷ്ടമായത്. പതിവായി ഭക്ഷണം വിളമ്പിയിരുന്ന കടയുടമയുടെ മരണം ചിറ്റൂരിലെ നാട്ടുകാർക്കും രാത്രിയാത്രക്കാർക്കും തീരാനഷ്ടമായി.