തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും സ്റ്റാഫുകളും കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റെയും കടം നാലര ലക്ഷം രൂപയെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ. ആ കടങ്ങളെല്ലാം തങ്ങൾ വീട്ടിക്കോളാമെന്നും മന്ത്രി പറഞ്ഞു. പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം എസ്എംഎ മരുന്ന് പരീക്ഷണം മൂലം രോഗികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഉണ്ടാകുന്ന ആശങ്കകൾ ചർച്ച ചെയ്യാനായി സഭാ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയം. പ്രമേയത്തിൽ മറുപടി നൽകിയ മന്ത്രി, പിണറായി തനിക്കെഴുതിയ കത്ത് പരിശോധിച്ചാൽ പ്രതിപക്ഷം ജനറിക് മരുന്നുകൾക്ക് എതിരാണെന്ന് മനസിലാകുമെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ ‘റോഷ്’ കമ്പനിക്ക് 50 കോടി ഇനിയും കൊടുക്കാനുണ്ട്.
എസ്എംഎ ബാധിതർക്ക് മരുന്ന് വിതരണം ചെയ്ത നാക്കോ കമ്പനിയിൽ നിന്ന് ഒന്നരകോടി രൂപയാണ് ഇവർ പാർട്ടി ഫണ്ടിലേക്ക് വാങ്ങിയത്. പ്രകാശ് കാരാട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ ഇത് വ്യക്തമാക്കുന്നുണ്ട്. ആദ്യം 30 ലക്ഷം വെച്ച് ഒരു കോടി രൂപ വാങ്ങി. പിന്നീട് എം.എ ബേബി നൽകിയ റിപ്പോർട്ട് അനുസരിച്ച്, ഇതേ കമ്പനിയിൽ നിന്ന് 50 ലക്ഷവും വാങ്ങി.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടി രൂപയുടെ കടമാണ് ഉണ്ടാക്കിയത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് 2,575 കോടിയും കാരുണ്യ ഫാർമസിക്ക് 100 കോടിയും കടമുണ്ടാക്കി. സെന്റ് ലൂക്ക് എന്ന കമ്പനിയിൽ നിന്ന് ഉൾപ്പെടെ 1,500 കോടി രൂപയുടെ നിലവാരം കുറഞ്ഞ മെഡിക്കൽ ഉപകരണങ്ങൾ കമ്മീഷൻ കൈപ്പറ്റിയതിന് ശേഷം വാങ്ങിക്കൂട്ടുകയും പിന്നീട് അവ ഉപയോഗിക്കാതെ നശിപ്പിച്ച് കളയുകയും ചെയ്തു.
അതുപോലെ ടോറസ് കമ്പനിയിൽ നിന്ന് അടക്കം ഗുണമേന്മയില്ലാതെ മരുന്നുകൾ വാങ്ങിവെച്ചു. 55 ലക്ഷം രൂപ ദേശാഭിമാനിക്കും കൈരളിക്കും നൽകി ആരോഗ്യം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പരിഹസിച്ചു. കഴിഞ്ഞ സർക്കാർ 10 വർഷം കൊണ്ട് ഉണ്ടാക്കിയ ഭരണനേട്ടങ്ങൾ ഇതൊക്കെയാണെന്നും മന്ത്രി പരിഹസിച്ചു.
അതേസമയം എസ്എംഎ ബാധിച്ച മുഴുവൻ രോഗികൾക്കും കുറഞ്ഞ ചെലവിൽ സൗജന്യമായി മരുന്ന് ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. തന്റെ നിലവാരം അളക്കാൻ വരുന്നവർക്ക് ആശയ ദാരിദ്ര്യമാണെന്നും മന്ത്രി പറഞ്ഞു.