BREAKING NEWS

“ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു”…. ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ… യുക്രെയ്ൻ സൈനികന്റെ അതിജീവനകഥ ഇങ്ങനെ- Video

· · 1 min read
Share: Copied!

കീവ്: 491 ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രതീക്ഷയുടെ വെളിച്ചം കൺസ്റ്റാന്റിൻ വ്ലാസെങ്കോയെ തേടിയെത്തിയത് ഒരു ഡ്രോണിന്റെ രൂപത്തിൽ. റഷ്യൻ സൈന്യത്തിന്റെ നിരീക്ഷണ ഡ്രോണുകൾ നിറഞ്ഞ യുദ്ധമേഖലയിൽ, തകർന്ന സ്കൂളിലെ ബോയിലറിനടിയിൽ ഒറ്റപ്പെട്ടുകഴിഞ്ഞ യുക്രെയ്ൻ സൈനികനെ ഒടുവിൽ രക്ഷപ്പെടുത്തിയത് കൂറ്റൻ ആറ് പ്രൊപ്പല്ലറുകളുള്ള ഡ്രോൺ ഉപയോഗിച്ച്. ഇടതുകാൽ നഷ്ടപ്പെടുകയും വലതുകാൽ സ്വയം മുറിച്ചുമാറ്റേണ്ടിവരികയും ചെയ്ത 49-കാരനായ സൈനികന്റെ അതിജീവനകഥ യുദ്ധഭൂമിയിലെ മനുഷ്യരുടെ ദുരിതവും സൈനിക സാങ്കേതികവിദ്യയുടെ സാധ്യതകളും ഒരുപോലെ വെളിപ്പെടുത്തുന്നതാണ്.

ഏകദേശം എട്ട് മാസത്തോളം തകർന്ന സ്കൂളിലെ പഴയ ബോയിലറിനടിയിൽ നിർമിച്ചെടുത്ത ചെറിയൊരു സ്ഥലത്തായിരുന്നു വ്ലാസെങ്കോയുടെ ജീവിതം. ഏകദേശം 80 സെന്റിമീറ്റർ നീളവും 60 സെന്റിമീറ്റർ വീതിയുമുള്ള ഇടുങ്ങിയ കുഴിപോലുള്ള സ്ഥലത്ത് കഴിയുമ്പോൾ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സഹസൈനികൻ കൊല്ലപ്പെട്ടിരുന്നു. റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഇടതുകാൽ നഷ്ടപ്പെട്ടതിനു പിന്നാലെ, ഗുരുതരമായി പരുക്കേറ്റ വലതുകാലും പിന്നീട് സ്വയം മുറിച്ചുമാറ്റേണ്ടിവന്നു.

ചുറ്റുമുള്ള റോഡുകളും കിടങ്ങുകളും തകർന്ന കെട്ടിടങ്ങളും റഷ്യൻ ഡ്രോണുകൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. പുറത്തേക്കിറങ്ങുന്നത് പോലും ജീവൻ അപകടത്തിലാക്കുന്ന സാഹചര്യമായിരുന്നു. രക്ഷാപ്രവർത്തനം അസാധ്യമാണെന്ന് തോന്നിയിരുന്ന ആ ദിവസങ്ങളെക്കുറിച്ച് യുക്രെയ്ൻ മാധ്യമമായ സെൻസർ.നെറ്റിനോട് വ്ലാസെങ്കോ വിവരിച്ചു.

“നിങ്ങൾ അതിനെ കണ്ടില്ലെങ്കിലും അത് നിങ്ങളെ കാണുന്നുണ്ടാകും,” എന്നായിരുന്നു റഷ്യൻ ഡ്രോണുകളുടെ നിരീക്ഷണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ. രക്ഷാപ്രവർത്തനത്തിന് സൈന്യം പല ശ്രമങ്ങളും നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥന്റെ വിവരണമനുസരിച്ച്, ട്രക്കുകൾക്കും കവചിത വാഹനങ്ങൾക്കും വ്ലാസെങ്കോ ഉണ്ടായിരുന്ന സ്ഥലത്തേക്ക് എത്താനായില്ല. അദ്ദേഹത്തെ സമീപിക്കാൻ അയച്ച രണ്ട് കരയിലൂടെ സഞ്ചരിക്കുന്ന റോബോട്ടുകളും തകർക്കപ്പെട്ടു. അതോടെ, മനുഷ്യരെ നേരിട്ട് അയച്ച് രക്ഷപ്പെടുത്തുന്നത് കൂടുതൽ ജീവൻ അപകടത്തിലാക്കുമെന്ന ആശങ്ക ശക്തമായി.

യുക്രെയ്‌നിലെ ക്രിവി റിഹ് സ്വദേശിയായ വ്ലാസെങ്കോ 30-ാം മെക്കനൈസ്ഡ് ബ്രിഗേഡിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. യുദ്ധത്തിന് മുമ്പ് ക്വാറിയിൽ കൂറ്റൻ ട്രക്കുകൾ ഓടിക്കുകയായിരുന്നു ജോലി. പിന്നീട് സ്വമേധയാ സൈന്യത്തിൽ ചേർന്നതാണെന്ന് അദ്ദേഹം സെൻസർ.നെറ്റിനോട് പറഞ്ഞു.

കഴിഞ്ഞ വർഷമാണ് വെർട്ടൂൺ എന്നറിയപ്പെട്ടിരുന്ന മുൻനിര സൈനിക സ്ഥാനത്തേക്ക് അദ്ദേഹത്തെ നിയോഗിച്ചത്. ബാസ്കി എന്ന കോൾ സൈൻ ഉപയോഗിച്ചിരുന്ന സഹസൈനികനോടൊപ്പം അവിടെ കഴിയാനായിരുന്നു നിർദേശം. കോൺക്രീറ്റ് ഉപയോഗിച്ച് നിർമിച്ച വെള്ളമൊഴുകുന്ന പൈപ്പും അതിനരികിലെ കുഴിയിലൊരുക്കിയ അഭയകേന്ദ്രവുമായിരുന്നു അവരുടെ താമസസ്ഥലം. ഡ്രോണുകൾ വഴിയായിരുന്നു ഇരുവർക്കും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചിരുന്നത്. വ്ലാസെങ്കോയുടെ ജന്മദിനത്തിൽ ചോക്ലേറ്റും വിലകൂടിയ സിഗരറ്റുകളും ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, വൈകാതെ ആകാശം റഷ്യൻ ഡ്രോണുകളാൽ നിറഞ്ഞു. ശത്രുവിന്റെ നിരീക്ഷണം ശക്തമായതോടെ പ്രദേശത്ത് സഞ്ചരിക്കുന്നതുപോലും അതീവ അപകടകരമായി.

“അവരുടെ പക്കൽ മാവിക് ഡ്രോണുകൾ ഉൾപ്പെടെ ഇത്രയധികം ഡ്രോണുകളുണ്ടായിരുന്നു; ആകാശം മുഴുവൻ മലിനമായതുപോലെയായിരുന്നു,” റഷ്യൻ ഡ്രോണുകളുടെ എണ്ണത്തെക്കുറിച്ച് വ്ലാസെങ്കോ പറഞ്ഞു. വ്ലാസെങ്കോയെയും സഹപ്രവർത്തകനെയും സഹായിക്കാനായി രണ്ട് സൈനികരെ അയച്ചെങ്കിലും വഴിമധ്യേ ഇരുവരും കൊല്ലപ്പെട്ടു. അവരുടെ മൃതദേഹങ്ങൾ തിരിച്ചുകൊണ്ടുവരാൻ അയച്ച മറ്റ് രണ്ട് സൈനികരും കൊല്ലപ്പെട്ടു. കൂടുതൽ പേരുടെ ജീവൻ അപകടത്തിലാക്കാൻ അദ്ദേഹം തയ്യാറായില്ല. അതിനാൽ, ഇനി ആരെയും അയക്കരുതെന്ന് മേലുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അവർ കൂടുതൽ പേർ മരിക്കുന്നതിനേക്കാൾ ഞാൻ ഒറ്റയ്ക്ക് മരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

വെള്ളം കയറിയ അഭയകേന്ദ്രം; പുതിയ ഒളിത്താവളം കണ്ടെത്തിയത് തകർന്ന സ്കൂളിൽ

മാസങ്ങളോളം കുഴിക്കുള്ളിൽ കഴിഞ്ഞശേഷം ഫെബ്രുവരി പകുതിയോടെ അവിടേക്ക് വെള്ളം കയറി. ഇതോടെ വ്ലാസെങ്കോയും ബാസ്കിയും സമീപത്തുള്ള തകർന്ന സ്കൂളിലേക്ക് ഇഴഞ്ഞുനീങ്ങി. ഉണങ്ങിയ വസ്ത്രങ്ങളും ഭക്ഷണവും അടങ്ങിയ ഡ്രോൺ പാഴ്സൽ എടുക്കാൻ പുറത്തേക്കിറങ്ങിയപ്പോൾ റഷ്യൻ നിരീക്ഷണ ഡ്രോൺ ഇരുവരെയും കണ്ടെത്തി. പിന്നാലെ മറ്റൊരു ഡ്രോൺ ആക്രമണവും നടത്തി. ഫെബ്രുവരി 16-നായിരുന്നു ബാസ്കി കൊല്ലപ്പെട്ടത്. അന്ന് അദ്ദേഹത്തിന്റെ അൻപതാം ജന്മദിനമായിരുന്നു. ആക്രമണത്തിൽ വ്ലാസെങ്കോയുടെ ഇടതുകാലിന് ഗുരുതരമായി പരുക്കേറ്റു. പിന്നീട് ആ കാൽ അഴുകി നഷ്ടമായി. വീഴ്ചയിൽ വലതുകാലിനും ഗുരുതരമായ പരുക്കേറ്റിരുന്നു. “അപ്പോഴേക്കും എനിക്ക് നാലുകാലിൽ ഇഴയാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ,” വ്ലാസെങ്കോ പറഞ്ഞു. നീങ്ങാൻ പോലും ബുദ്ധിമുട്ടായതോടെ സ്കൂളിലെ പഴയ ബോയിലറിനടിയിൽ ചെറിയൊരു ഇടം കണ്ടെത്തി അവിടെ ഒളിച്ചുകഴിയുകയായിരുന്നു അദ്ദേഹം. അതായിരുന്നു പിന്നീട് മാസങ്ങളോളം അദ്ദേഹത്തിന്റെ ലോകം.

‘നിന്റെ സഹപ്രവർത്തകർ നിന്നെ രക്ഷിക്കില്ല’

വ്ലാസെങ്കോയുടെ ഒളിത്താവളത്തിന് സമീപം ഒരിക്കൽ റഷ്യൻ ഡ്രോൺ ഉച്ചഭാഷിണി പതിപ്പിച്ചു. അതിലൂടെ റെക്കോർഡ് ചെയ്ത ശബ്ദസന്ദേശം കേൾക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “സഹോദരാ, നീ ഇവിടെയുണ്ടെന്ന് ഞങ്ങൾക്കറിയാം. എന്നെ വിശ്വസിക്കൂ, നിന്റെ സഹപ്രവർത്തകർ നിന്നെ രക്ഷിക്കാൻ വരില്ല,” എന്നായിരുന്നു സന്ദേശം. എന്നാൽ, തനിക്കായി സൈന്യം രക്ഷാപ്രവർത്തനം നടത്തുമെന്ന പ്രതീക്ഷ വ്ലാസെങ്കോ കൈവിട്ടില്ല. യുക്രെയ്ൻ മാധ്യമമായ ഒബോറോങ്കയുടെ റിപ്പോർട്ടനുസരിച്ച്, നാലോ അഞ്ചോ ദിവസത്തിലൊരിക്കൽ ഡ്രോണുകൾ വഴി ഭക്ഷണവും മരുന്നും സിഗരറ്റും മധുരപലഹാരങ്ങളും അദ്ദേഹത്തിന് എത്തിച്ചിരുന്നു. റേഡിയോ വഴിയും അദ്ദേഹം സൈനികരുമായി ബന്ധം നിലനിർത്തി. “ഞാൻ ഒറ്റയ്ക്കല്ലെന്ന തോന്നലായിരുന്നു എനിക്ക് സന്തോഷം നൽകിയത്. മറ്റൊരാളുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞിരുന്നു,” അദ്ദേഹം പറഞ്ഞു.

ദിവസങ്ങളോളം മനുഷ്യസമ്പർക്കമില്ലാതെ കഴിയേണ്ടിവന്നത് കടുത്ത ഏകാന്തതയുണ്ടാക്കിയെങ്കിലും തന്റെ സൈനിക നേതൃത്വം തന്നെ ഉപേക്ഷിച്ചില്ലെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. “വളരെയധികം ഏകാന്തതയായിരുന്നു. അവർ എന്നെ ഉപേക്ഷിച്ചില്ല. എന്റെ കമാൻഡും എന്നെ കൈവിട്ടില്ല,” വ്ലാസെങ്കോ പറഞ്ഞു. ഇതിനിടെ ഭാര്യ അദ്ദേഹത്തിന് പ്രശസ്ത എഴുത്തുകാരൻ സ്റ്റീഫൻ കിങ്ങിന്റെ ഒരു പുസ്തകവും അയച്ചുകൊടുത്തിരുന്നു. ബോയിലറിനടിയിലെ പരിമിതമായ സ്ഥലത്ത് കഴിയുന്നതിനിടെ അദ്ദേഹം ആ പുസ്തകം വായിച്ചു. എന്നാൽ, വലതുകാലിലെ മുറിവ് ക്രമേണ കൂടുതൽ വഷളായി. അസ്ഥി ചർമം തുളച്ചുപുറത്തേക്ക് വരാൻ തുടങ്ങിയെന്നും ഭക്ഷണപ്പൊതികൾ എടുക്കാൻ ഇഴഞ്ഞുനീങ്ങുമ്പോഴെല്ലാം മുറിവിന്റെ അവസ്ഥ മോശമായെന്നും അദ്ദേഹം യുക്രെയ്ൻ മാധ്യമത്തോട് പറഞ്ഞു. ഒടുവിൽ ആ കാൽ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് വഴിയില്ലെന്ന നിഗമനത്തിലെത്തി.

“ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു. കത്തിയെടുത്തു. കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു,” വ്ലാസെങ്കോ വിവരിച്ചു. രക്തസ്രാവം നിയന്ത്രിക്കാൻ ടൂർണിക്കറ്റും ഉപയോഗിച്ചു. അത്രയേറെ വേദനയും ദുരിതവും നേരിട്ടിട്ടും നർമ്മബോധം കൈവിടാതിരിക്കാൻ അദ്ദേഹം ശ്രമിച്ചു. കാൽ നഷ്ടപ്പെട്ടതിനെക്കുറിച്ച് മേലുദ്യോഗസ്ഥനോട് സംസാരിച്ചപ്പോൾ, “ഇപ്പോൾ എനിക്ക് പരന്ന പാദങ്ങളോ 44-ാം നമ്പർ കാലുകളോ ഇല്ല,” എന്ന് തമാശയായി പറഞ്ഞതായും അദ്ദേഹം ഓർത്തെടുത്തു. “ഏപ്രിലിൽ എന്റെ ഇടതുകാൽ അഴുകി സ്വയം നഷ്ടമായി. മേയിൽ വലതുകാൽ ഞാൻ തന്നെ മുറിച്ചുമാറ്റി,” വ്ലാസെങ്കോ പറഞ്ഞു.

ആറുമാസം നീണ്ട ആസൂത്രണം; അസാധ്യമായ രക്ഷാദൗത്യത്തിന് തുടക്കം

വ്ലാസെങ്കോയെ രക്ഷിക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ചത് അലക്സ് എന്ന കോൾ സൈൻ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു. ബറ്റാലിയനിലെ ഡ്രോൺ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന അദ്ദേഹമാണ് ഈ ആശയം അവതരിപ്പിച്ചത്. ഒബോറോങ്കയുടെ റിപ്പോർട്ടനുസരിച്ച്, രക്ഷാദൗത്യത്തെക്കുറിച്ചുള്ള ആദ്യ ആശയം രൂപപ്പെട്ടതു മുതൽ അത് നടപ്പാക്കുന്നതുവരെയുള്ള കാലയളവ് ഏകദേശം ആറുമാസമായിരുന്നു.

യുക്രെയ്ൻ ഡ്രോൺ നിർമാതാക്കളായ ഗുർസുഫ് ഡിഫൻസിന്റെ കൂറ്റൻ ഡ്രോണിനെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതോടെയാണ് പദ്ധതി യാഥാർഥ്യമാക്കാനുള്ള സാധ്യത തെളിഞ്ഞത്. ആറ് പ്രൊപ്പല്ലറുകളും കറുത്ത ഫ്രെയിമുമുള്ള ഈ ഡ്രോൺ രൂപത്തിൽ ഒരു ഭീമൻ പ്രാണിയെപ്പോലെയായിരുന്നു. ദീർഘകാലത്തെ യുദ്ധജീവിതത്തിനുശേഷം വ്ലാസെങ്കോയുടെ ഭാരം ഏകദേശം 70 കിലോഗ്രാമായിരിക്കുമെന്നാണ് സൈനികർ കണക്കുകൂട്ടിയത്. അദ്ദേഹത്തെ സുരക്ഷിതമായി ഉയർത്താനും ദീർഘദൂരം വഹിക്കാനും കഴിയുമോ എന്നതായിരുന്നു പ്രധാന വെല്ലുവിളി.

വലുപ്പമേറിയതും വേഗത കുറഞ്ഞതുമായ ഡ്രോണുകളെ റഷ്യയുടെ ചെറു ആക്രമണ ഡ്രോണുകൾ എളുപ്പത്തിൽ വെടിവെച്ചിടാനുള്ള സാധ്യതയുമുണ്ടായിരുന്നു. അതിനാൽ, രക്ഷാദൗത്യത്തിനായി കൃത്യമായ ആസൂത്രണവും വിവിധ സൈനിക വിഭാഗങ്ങളുടെ ഏകോപനവും ആവശ്യമായി വന്നു.

ഒക്ടോബർ ആദ്യത്തിൽ വ്ലാസെങ്കോയ്ക്ക് ഡ്രോൺ വഴി എത്തിച്ച പാഴ്സലിൽ പതിവുപോലെ ഭക്ഷണവും സിഗരറ്റും ചോക്ലേറ്റും മാത്രമല്ല ഉണ്ടായിരുന്നത്. ശരീരത്തിൽ ധരിക്കാനുള്ള പ്രത്യേക ഹാർനെസും നിർദേശങ്ങൾ ഉൾപ്പെടുത്തിയ വീഡിയോകളുള്ള ഫോണും അതിലുണ്ടായിരുന്നു. രക്ഷാദൗത്യത്തിന്റെ പൈലറ്റായ ബ്ലാക്ക് എന്ന കോൾ സൈൻ ഉപയോഗിക്കുന്ന വ്യക്തി യുക്രെയ്ൻ ഭാഷയിലും റഷ്യൻ ഭാഷയിലും നിർദേശങ്ങൾ എഴുതിവെച്ചിരുന്നു. ഡ്രോണിന്റെ സഹായത്തോടെ എങ്ങനെ സുരക്ഷിതമായി ഉയർത്തപ്പെടാമെന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളായിരുന്നു ഇവ.

ഒക്ടോബർ 4: 15 കിലോമീറ്റർ ആകാശത്തിലൂടെ രക്ഷായാത്ര

ഒക്ടോബർ 4-നാണ് നിർണായക രക്ഷാദൗത്യം നടന്നത്. കൂറ്റൻ ആറ് പ്രൊപ്പല്ലർ ഡ്രോൺ വ്ലാസെങ്കോ ഉണ്ടായിരുന്ന സ്ഥലത്തെത്തി. അദ്ദേഹം ശരീരത്തിൽ ഹാർനെസ് ധരിച്ച് ഡ്രോണിന്റെ വിഞ്ചിൽ ഘടിപ്പിച്ച കൊളുത്തുമായി ബന്ധിപ്പിച്ചു. തുടർന്ന് ഡ്രോൺ അദ്ദേഹത്തെ ഏകദേശം 70 മീറ്റർ ഉയരത്തിലേക്ക് ഉയർത്തി. വിദൂരത്തുനിന്ന് നിയന്ത്രിച്ചിരുന്ന ഡ്രോൺ യുദ്ധമേഖലയ്ക്ക് മുകളിലൂടെ ഏകദേശം 15 കിലോമീറ്റർ സഞ്ചരിച്ച് അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. രക്ഷാദൗത്യത്തിനിടെ മൂന്ന് ചെറു ഡ്രോണുകൾ കൂറ്റൻ ഡ്രോണിനൊപ്പം പറന്നു. ശത്രുവിന്റെ ശ്രദ്ധ തിരിക്കാനും പ്രധാന ഡ്രോണിന്റെ സുരക്ഷ ഉറപ്പാക്കാനും ഇവയെ ഉപയോഗിച്ചു.

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ റഷ്യൻ ഡ്രോൺ സാന്നിധ്യം തിരിച്ചറിഞ്ഞ പ്രദേശങ്ങളിൽ രണ്ട് മണിക്കൂറോളം ചെറു ആക്രമണ ഡ്രോണുകളും പീരങ്കികളും സ്ഥിരചിറകുള്ള ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. രക്ഷാദൗത്യത്തിന് തടസമാകാവുന്ന റഷ്യൻ ഡ്രോൺ സ്ഥാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കമെന്ന് ഒബോറോങ്ക റിപ്പോർട്ട് ചെയ്തു.

യാത്രാമധ്യേ ഡ്രോണിന്റെ ബാറ്ററികൾ മാറ്റുന്നതിനും ആവശ്യമായ സേവനങ്ങൾ നൽകുന്നതിനുമായി രണ്ട് കരസേനാ സംഘങ്ങളും സജ്ജരായിരുന്നു. 30, 14, 43-ാം മെക്കനൈസ്ഡ് ബ്രിഗേഡുകളിലെയും പത്താം ആർമി കോർപ്സിലെയും സൈനികർ രക്ഷാദൗത്യത്തിൽ പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. രക്ഷാദൗത്യത്തിനിടെ തന്റെ കൂടെയുണ്ടായിരുന്ന ഒരു ചെറു ഡ്രോൺ വെടിവെച്ചിട്ടതായി വ്ലാസെങ്കോ പറഞ്ഞു. എന്നാൽ, ഉയരത്തെക്കുറിച്ച് അദ്ദേഹത്തിന് വലിയ ഭയമുണ്ടായിരുന്നില്ല. പകരം, നദിക്ക് മുകളിലൂടെ ഡ്രോൺ കടന്നുപോയപ്പോൾ വെള്ളത്തെക്കുറിച്ചായിരുന്നു ആശങ്ക.”എനിക്ക് ഭയമായിരുന്നത് വെള്ളത്തെയാണ്. എനിക്ക് നീന്താൻ അറിയില്ല,” അദ്ദേഹം പറഞ്ഞു.

ഡ്രോണിന്റെ ക്യാമറയിലേക്ക് നോക്കി വ്ലാസെങ്കോ കൈകൊണ്ട് ‘ഓക്കെ’ എന്ന അടയാളം കാണിക്കുകയും ഹൃദയത്തിന്റെ ആകൃതി വരയ്ക്കുകയും ചെയ്തു. മരണത്തിനും ജീവിതത്തിനുമിടയിലെ അതിസാഹസിക യാത്രയ്ക്കിടയിലും അദ്ദേഹത്തിന്റെ മനക്കരുത്തിന്റെ അടയാളമായിരുന്നു അത്. ഡ്രോൺ വിദൂരത്തുനിന്ന് നിയന്ത്രിച്ചിരുന്ന ബ്ലാക്ക് എന്ന പൈലറ്റും ആ നിമിഷങ്ങളെക്കുറിച്ച് സംസാരിച്ചു.

“താഴെ ഒരു മനുഷ്യനുണ്ടെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. അദ്ദേഹത്തെ കഴിയുന്നത്ര വേഗത്തിലും സുരക്ഷിതമായും എത്തിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം,” ബ്ലാക്ക് ഒബോറോങ്കയോട് പറഞ്ഞു.

ആദ്യത്തെ രക്ഷാദൗത്യമെന്ന് യുക്രെയ്ൻ സൈന്യം; ഇനി കൃത്രിമക്കാലുകളും പുനരധിവാസവും

ഡ്രോൺ ഉപയോഗിച്ച് യുദ്ധമേഖലയിൽനിന്ന് സൈനികനെ ഇത്തരത്തിൽ രക്ഷപ്പെടുത്തുന്നത് ആദ്യമായാണെന്നാണ് യുക്രെയ്ൻ സൈന്യത്തിന്റെ അവകാശവാദം. ദീർഘകാലം ശത്രുസൈന്യത്തിന്റെ നിരീക്ഷണത്തിന് കീഴിൽ കുടുങ്ങിക്കിടന്ന, രണ്ട് കാലുകളും നഷ്ടപ്പെട്ട സൈനികനെ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ സാങ്കേതികവിദ്യ ഉപയോഗിച്ചതിന്റെ അപൂർവ ഉദാഹരണമായാണ് ഈ ദൗത്യത്തെ സൈന്യം കാണുന്നത്.

രക്ഷപ്പെടുത്തിയ വ്ലാസെങ്കോയെ ഖാർകിവിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനകം നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ അദ്ദേഹത്തിന് ഇനി കൃത്രിമക്കാലുകൾ ഘടിപ്പിക്കേണ്ടതുണ്ട്. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ദീർഘകാല പുനരധിവാസവും ആവശ്യമായി വരും.

 

BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026