തിരുവനന്തപുരം: പിഎസ്സി ചെയർമാനെ നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയെന്ന റിപ്പോർട്ടിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ലെന്നും സർക്കാരിനെ അറിയിച്ചിട്ടായിരിക്കില്ല കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു. പിഎസ്സിക്കെതിരെ നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും ക്രമക്കേടുകളുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. കോടതിയുടെ വിമർശനത്തെ ശരിയായ അർഥത്തിൽ ഉൾക്കൊള്ളുന്നു. പിഎസ്സിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ചേരാനെല്ലൂരിലുണ്ടായ വാഹനാപകടത്തിൽ നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും മരിച്ച ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. വിവരാവകാശ നിയമത്തിൽ സർക്കാർ വെള്ളം ചേർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില അന്വേഷണങ്ങൾ പൂർത്തിയാക്കുന്നതിന് ഫയലുകൾ രഹസ്യമായി സൂക്ഷിക്കേണ്ട സാഹചര്യമുണ്ട്. വിജിലൻസ് അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരമാണ് ചില ഫയലുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയതെന്നും ചെന്നിത്തല വിശദീകരിച്ചു. എന്നാൽ ഫയലുകൾ എന്നെന്നേക്കുമായി രഹസ്യമായി സൂക്ഷിക്കില്ലെന്നും സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.