കോഴിക്കോട്/വയനാട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ. മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കാണ് അവധി ബാധകം.
റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും അവധി ബാധകമല്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു. എന്നാൽ, ഇത്തരം സ്ഥാപനങ്ങളിൽ താമസിക്കുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപന മേധാവികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ, പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. പരീക്ഷകൾ നടത്തുന്ന സ്ഥാപനങ്ങൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
കനത്ത മഴയുള്ള സമയങ്ങളിൽ വിദ്യാർഥികൾ ജലാശയങ്ങൾ, തോടുകൾ, മരങ്ങൾക്കു സമീപമുള്ള പ്രദേശങ്ങൾ, മണ്ണിടിച്ചിൽ സാധ്യതയുള്ള ഇടങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാതിരിക്കാൻ സ്ഥാപന മേധാവികളും അധ്യാപകരും രക്ഷിതാക്കൾക്ക് നിർദേശം നൽകണം. ആവശ്യമെങ്കിൽ ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കാമെന്നും കലക്ടർ അറിയിച്ചു.
വയനാട്ടിൽ അതിതീവ്രമഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ് എന്നിവയ്ക്ക് ഞായറാഴ്ച ജില്ലാ കലക്ടർ പൂർണ നിരോധനം ഏർപ്പെടുത്തി.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫിസറും സംയുക്തമായി സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു.