തിരുവനന്തപുരം: എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) ചികിത്സയ്ക്കുള്ള ഇന്ത്യൻ നിർമിത മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വഴിത്തിരിവ്. മരുന്ന് വാങ്ങാനുള്ള തീരുമാനത്തിന് പിന്നിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ കൂടിയാലോചനകളാണെന്ന് വ്യക്തമാക്കുന്ന രേഖ പുറത്തുവന്നു. സംസ്ഥാന മിഷൻ ഡയറക്ടർ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് നാറ്റ്കോ മരുന്ന് ശുപാർശ ചെയ്ത സാങ്കേതിക സമിതിയുടെ നിർദേശങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളുള്ളത്.
എൽഡിഎഫ് സർക്കാർ നിയമിച്ച സംസ്ഥാന നോഡൽ ഓഫീസർ ഡോ. യു.ആർ. രാഹുൽ ഒപ്പിട്ടാണ് കത്ത് നൽകിയത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് സർക്കാർ മരുന്ന് വാങ്ങാൻ കരാറുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. വിദഗ്ധ ഡോക്ടർമാർ ഉൾപ്പെട്ട സാങ്കേതിക സമിതി മേയ് എട്ടിനാണ് നാറ്റ്കോയുടെ മരുന്ന് ശുപാർശ ചെയ്തത്. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് സംസ്ഥാന മിഷൻ ഡയറക്ടർ കത്ത് കൈമാറിയത്.
കഴിഞ്ഞ ദിവസമാണ് എസ്എംഎ ക്ലിനിക്കുകളിലൂടെ ഇന്ത്യൻ നിർമിത മരുന്ന് ആരോഗ്യവകുപ്പ് വിതരണം ചെയ്തുതുടങ്ങിയത്. മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന് രേഖപ്പെടുത്തിയിരുന്നത് കുട്ടികളുടെ രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കി. പുതിയ മരുന്നിന്റെ വിശദാംശങ്ങൾ ആരോഗ്യവകുപ്പ് കൃത്യമായി ലഭ്യമാക്കിയില്ലെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു.
വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. പരീക്ഷണത്തിനുള്ളതെന്ന സൂചന നൽകുന്ന ലേബലുള്ള മരുന്ന് കുട്ടികൾക്ക് നൽകിയെന്നത് നിസ്സാരമായി കാണാനാവില്ലെന്നും പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻവെച്ച് ചൂതാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, മരുന്നിനെച്ചൊല്ലിയുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നാണ് എസ്എംഎ ക്ലിനിക്കുള്ള തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. രാജ്യത്ത് ആവശ്യമായ എല്ലാ അംഗീകാരങ്ങളും പുതിയ മരുന്നിനുണ്ടെന്നും കുറഞ്ഞ വിലയിൽ മരുന്ന് ലഭ്യമാകുന്നത് കൂടുതൽ കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന് രേഖപ്പെടുത്തിയ മരുന്നും യഥാർഥ മരുന്നും തമ്മിൽ വ്യത്യാസമില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.
മരുന്നിന്റെ ലേബലിനെച്ചൊല്ലിയുള്ള ആശങ്കകൾക്കിടെ, അത് വാങ്ങാനുള്ള നടപടികളുടെ പശ്ചാത്തലവും അംഗീകാരങ്ങളും സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുകയാണ്.