തിരുവനന്തപുരം: പാർട്ടിയിലെ പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി സിപിഎം. കേന്ദ്ര കമ്മിറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുവരെ പാർട്ടി കമ്മിറ്റികൾ നേരിട്ടാണ് ഇത്തരം പരാതികൾ കൈകാര്യം ചെയ്തിരുന്നത്. പുതിയ സംവിധാനത്തിലൂടെ അതത് ഘടകങ്ങളിൽ ഐസിസി രൂപീകരിച്ച് പരാതികളിൽ അന്വേഷണം നടത്താനാണ് തീരുമാനം. സിനിമാ മേഖലയിലുൾപ്പെടെ വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റികളുടെ മാതൃകയിലാണ് പാർട്ടിയിലും സംവിധാനം കൊണ്ടുവരുന്നത്. സിപിഎം സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചത്.
ലോക്കൽ കമ്മിറ്റി മുതൽ മുകളിലേക്കുള്ള വിവിധ ഘടകങ്ങളിൽ ഐസിസികൾ രൂപീകരിക്കാനാണ് ആലോചന. ബ്രാഞ്ചുകളിൽ ലഭിക്കുന്ന പരാതികൾ ലോക്കൽ കമ്മിറ്റിയിലെ ഐസിസിക്കും തുടർന്ന് ഏരിയ, ജില്ലാ, സംസ്ഥാന, കേന്ദ്ര തലങ്ങളിലെ ബന്ധപ്പെട്ട കമ്മിറ്റികൾക്കും കൈമാറുന്ന രീതിയാണ് വിഭാവനം ചെയ്യുന്നത്. ഐസിസികളുടെ തീരുമാനങ്ങളിൽ അതൃപ്തിയുള്ളവർക്ക് തൊട്ടുമുകളിലുള്ള ഘടകത്തിലെ പരാതി പരിഹാര സമിതിയെ സമീപിച്ച് അപ്പീൽ നൽകാനും അവസരമുണ്ടാകും.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, നേതാക്കളുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റം തുടങ്ങിയ പരാതികൾ പരിശോധിച്ച് നടപടി സ്വീകരിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. പാർട്ടിയുടെ തെറ്റുതിരുത്തൽ മാർഗരേഖയുടെ ഭാഗമായാണ് നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിലുള്ള പരാതികളും പുതിയ സംവിധാനത്തിനു കീഴിൽ പരിശോധിക്കപ്പെടുമോയെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.