ന്യൂഡൽഹി: ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന വിളക്ക് തെളിയിക്കൽ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മോദിക്കൊപ്പം ഫ്ലൈദുബായ് വിമാനത്തിന്റെ പൈലറ്റ് സ്മിത് മച്ചാറിനും ക്ഷണമുണ്ട്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെയും ശക്തമായ സഹകരണത്തെയും പ്രകീർത്തിച്ചാണ് നെതന്യാഹു ക്ഷണക്കത്ത് അയച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ക്ഷണവിവരം നെതന്യാഹു സാമൂഹികമാധ്യമമായ എക്സിലൂടെ പങ്കുവെച്ചത്. ക്ഷണത്തിന് നന്ദി അറിയിച്ച മോദി, കരയിലും ആകാശത്തും ഭീകരവാദത്തിനെതിരെ ഇന്ത്യയും ഇസ്രയേലും ഒരുമിച്ച് പോരാടുകയാണെന്ന് വ്യക്തമാക്കി.
നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണം പ്രധാനമന്ത്രി മോദിയും സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
ഇന്ത്യ–ഇസ്രയേൽ ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ഇരുരാജ്യങ്ങളുടെയും താൽപര്യമാണ് സംഭാഷണത്തിലൂടെ വീണ്ടും വ്യക്തമാകുന്നത്.