തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു. ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം.