കൊല്ലം: കഞ്ചാവമായി സുഹൃത്തായ വനിതാ ഡോക്ടർക്കൊപ്പം ഹോട്ടലിൽ മുറിയെടുത്തശേഷം സംഘർഷം ഉണ്ടാക്കിയ സംഭവത്തിൽ അറസ്റ്റിലായ യുവ ഡോക്ടറെ റിമാൻഡ് ചെയ്തു. കൊല്ലത്തെ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാനെ (29) 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
ചൊവ്വ അർധരാത്രി 12.20നാണ് സംഭവം. അജാസും സുഹൃത്തായ വനിതാ ഡോക്ടറും കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തിരുന്നു. പിന്നാലെ ഇവർ തമ്മിൽ റൂമിൽവച്ച് വാക്കേറ്റവും സംഘർഷവും ഉണ്ടായി. മുറിയിൽനിന്നു സ്ത്രീയുടെ നിലവിളി കേട്ട ഹോട്ടൽ ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ചു കൺട്രോൾ റൂം പോലീസ് സ്ഥലത്തെത്തി. മുറി തുറന്ന് അജാസിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ പോലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്ത് എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ഇരു ഡോക്ടർമാരും താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ 6 ഗ്രാം കഞ്ചാവും ഇതു വലിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക തരത്തിലുള്ള പേപ്പറും കണ്ടെത്തി.
അതേസമയം അജാസ് തന്നെ മർദിച്ചതായി വനിതാ ഡോക്ടർ പരാതി നൽകി കഞ്ചാവ് കൈവശം വച്ചതിനും പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വനിതാ ഡോക്ടറെ മർദിച്ചതിനും അജാസിനെതിരെ കേസ് റജിസ്റ്റർ ചെയ്തു. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് അജാസിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഞ്ചാവ് കൈവശം വച്ചതിന് വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റിലായ സമയത്ത് അജാസ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന് വൈദ്യപരിശോധാ ഫലം വന്നതിനു ശേഷമേ പറയാനാകൂ എന്ന് വെസ്റ്റ് പോലീസ് പറഞ്ഞു.