ന്യൂഡൽഹി: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി. സി.എം.ആർ.എൽ.-എക്സലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഹൈക്കോടതി ഉത്തരവിൽ പിഴവുണ്ടായിട്ടുണ്ടെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളുണ്ടെന്നും ജസ്റ്റിസ് ജോയ് മാല ബാഗ്ചി നിരീക്ഷിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി.) സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. അധികാരപരിധി ലംഘിക്കരുതെന്ന് കോടതി വ്യക്തമാക്കി.
വിജിലൻസ് കേസെടുക്കാൻ നിർദേശിച്ച കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവരടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജികൾ പരിഗണിക്കാൻ ജസ്റ്റിസ് ജോയ് മാല ബാഗ്ചിയും ജസ്റ്റിസ് വി. മോഹ്നയും ഉൾപ്പെട്ട പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു.
ഹർജി പരിഗണിക്കുന്നതിനിടെ പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂഥ്ര ചൂണ്ടിക്കാട്ടിയിരുന്നു. പിണറായിക്ക് 82 വയസ്സായെന്നും അടിയന്തരമായി ഹർജി പരിഗണിച്ച് ഇടക്കാല സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, ബെഞ്ചുകൾക്ക് മുന്നിൽ കേസുകളുടെ വലിയ തിരക്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. തുടർന്ന് പ്രത്യേക ബെഞ്ച് രൂപീകരിച്ച് അടുത്ത ആഴ്ച അപ്പീലുകളിൽ വാദം കേൾക്കുന്ന കാര്യം പരിഗണിക്കാമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി ഹർജികൾ പരിഗണിച്ചത്.
സി.എം.ആർ.എൽ.-എക്സലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ കേരള ഹൈക്കോടതി വ്യാഴാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ വെള്ളിയാഴ്ച പുലർച്ചെ 1.34-നാണ് പിണറായി വിജയൻ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
ഇ.ഡി. കൈമാറിയ വിവരങ്ങൾ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാൻ പര്യാപ്തമല്ലെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും സി.എം.ആർ.എല്ലിന് അനുകൂലമായി പ്രവർത്തിച്ചതിന് പണം ലഭിച്ചെന്ന ആരോപണത്തിൽ എന്ത് ആനുകൂല്യമാണ് നൽകിയതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ആരാണ് ആനുകൂല്യം ആവശ്യപ്പെട്ടത്, എപ്പോഴാണ് അത് നൽകിയത്, ആരോപിക്കപ്പെടുന്ന പണമിടപാടുമായി അതിന് എന്താണ് ബന്ധം തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയില്ലെന്നാണ് ഹർജിക്കാരുടെ വാദം.