മലപ്പുറം: മമ്പാട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. ഡ്രൈവർ രക്ഷപ്പെട്ടു. നിലമ്പൂരിൽ നിന്ന് മമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന ഹോണ്ട സിറ്റി കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ ആദ്യം ഒരു സ്കൂട്ടറിലും തുടർന്ന് രണ്ട് കാറുകളിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ, ആ കൂടെ കാർ ഡ്രൈവറും ആംബുലൻസിൽ കയറി. തുടർന്ന് ആശുപത്രിയിൽ എത്തിയ ഇയാൾ മുങ്ങുകയായിരുന്നു.
നാട്ടുകാരുടെ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് അപകടത്തിൽപ്പെട്ട കാറിൽ നടത്തിയ പരിശോധനയിലാണ് ഡ്രൈവിങ് സീറ്റിന് സമീപത്തുനിന്ന് 0.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കൂടാതെ കാറിൽ നിന്ന് മദ്യക്കുപ്പികളും ലഭിച്ചതായും വിവരമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.